ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കിട്ടുന്ന സ്വീകാര്യതയിൽ കർണാടകയിലെ ബി.ജെ.പി സർക്കാർ വിയർക്കുന്നു. യാത്രക്ക് പരിഗണന നൽകേണ്ടതില്ലെന്ന ആദ്യ നിലപാടിൽനിന്ന് മാറി പ്രതിരോധത്തിലേക്കാണ് നിലവിൽ ബി.ജെ.പി നീങ്ങുന്നത്.
യാത്ര ഒരു പ്രതിഫലനവും സൃഷ്ടിക്കുന്നില്ലെന്നാണ് പറയുന്നതെങ്കിലും മറുതന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് മറുഭാഗത്ത് ബി.ജെ.പി. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു.
ബി.ജെ.പിയും ആർ.എസ്.എസും വിഭാഗീയതയും വിദ്വേഷവും വളർത്തുകയാണെന്ന രാഹുലിന്‍റെ പ്രചാരണത്തിന് മറുപടിയായി, എല്ലാവരെയും ഒന്നായി കാണുകയും തുല്യത നൽകുന്നതുമായ സർക്കാറാണ് തന്‍റേതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് യോഗത്തിൽ പറയേണ്ടിവന്നു.
ജോഡോ യാത്രക്ക് ബദലെന്നവണ്ണം ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തുന്നുമുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയും മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ് യെദിയൂരപ്പയും നയിക്കുന്ന ആറ് റാലികളാണ് ബി.ജെ.പി ഉടൻ നടത്താനിരിക്കുന്നത്.
പാർട്ടികളുടെ പതിവുയാത്രകളിൽ നിന്ന് വ്യത്യസ്തമായി വിവിധ മേഖലകളിലെ ജനങ്ങളോട് അടുത്തിടപഴകി 'ഞാൻ നിങ്ങളിലൊരാളാണ്' എന്ന തോന്നലുണ്ടാക്കുന്നതാണ് രാഹുലിന്‍റെ ഇടപെടലുകൾ. വിവിധ മതകേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം പാണ്ഡവപുരത്ത് നടന്ന പരിപാടിയിൽ ദേശീയ പ്രസിഡന്‍റ് സോണിയ ഗാന്ധി പങ്കെടുത്തത് പ്രവർത്തകർക്ക് ഏറെ ആവേശമാണ് നൽകിയത്. ബെള്ളാരിയിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുമുണ്ട്. അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ഒരുക്കത്തിന്‍റെ തുടക്കവുമാകും ഈ പരിപാടി.
യാത്രക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കേന്ദ്ര അന്വേഷണ ഏജൻസികളുടെയും നടപടികൾ. യാത്ര കർണാടകയിൽ എത്തുന്നതിന്‍റെ തലേദിവസമാണ് പ്രധാന സംഘാടകനും കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാറിന്‍റെ വസതികളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹിയിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടിയും വന്നു. യാത്രയുടെ തിരക്കിനിടയിലായതിനാൽ ഒക്ടോബർ 21 വരെ സമയം തേടി നൽകിയ അപേക്ഷ ഇ.ഡി തള്ളുകയായിരുന്നു. സംസ്ഥാനത്തെ പ്രമുഖരായ വൊക്കലിഗ സമുദായാംഗമാണ് ശിവകുമാർ. ഡൽഹിയിൽ പോകേണ്ടി വന്നതിനാൽ വൊക്കലിഗക്കാരുടെ ആസ്ഥാനമായ ആദിചുഞ്ചിനഗരിയുള്ള മാണ്ഡ്യയിലെ പരിപാടിയിൽ ശിവകുമാറിന് പങ്കെടുക്കാനും സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.