ജൂനിയർ ഡോക്ടർമാരുടെ സമരം 14ാം ദിവസത്തിലേക്ക്; ശസ്ത്രക്രിയകൾ മാറ്റിവെക്കുന്നു

കൊൽക്കത്ത: കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം 14ാം ദിവസത്തിലേക്ക്. സർക്കാർ ആശുപത്രികളിൽ ഒ.പി വിഭാഗത്തിൽ രോഗികളുടെ നീണ്ട നിരയായിരുന്നു. സീനിയർ ഡോക്ടർമാർ ജോലിക്കെത്തിയെങ്കിലും തിരക്ക് കുറക്കാൻ പര്യാപ്തമായില്ല. ജൂനിയർ ഡോക്ടർമാരില്ലാത്തതിനാൽ പല സീനിയർ ഡോക്ടർമാരും ശസ്ത്രക്രിയകൾ മാറ്റിവെക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിച്ച് ജോലിക്ക് ഹാജരാകണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം ഡോക്ടർമാർ തള്ളി. സമരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയും അഭ്യർഥിച്ചിരുന്നു.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തുന്ന അഞ്ച് ദിവസത്തെ സമരത്തിന് തുടക്കമായി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ ആവശ്യപ്പെട്ടു. ആർ.ജി കർ മെഡിക്കൽ കോളജിൽ കഴിഞ്ഞയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ട് അസി. പൊലീസ് കമീഷണർമാർ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

മൊഴികളിൽ പൊരുത്തക്കേട്; മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിന് നുണപരിശോധന

കൊൽക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സി.ബി.ഐ ഒരുങ്ങുന്നു. അഞ്ചുദിവസം നീണ്ട ചോദ്യം ചെയ്യലിൽ ഇദ്ദേഹം നൽകിയ മൊഴികളിൽ പൊരുത്തക്കേടുള്ളതിനാലാണ് നുണപരിശോധന നടത്തുന്നത്.

കൊലപാതക വിവരം അറിഞ്ഞശേഷം ചെയ്ത കാര്യങ്ങൾ, ആരെയെല്ലാം ബന്ധപ്പെട്ടു, മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കളെ മൂന്ന് മണിക്കൂർ മൃതദേഹം കാണാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്, ആഗസ്റ്റ് ഒമ്പതിന് മൃതദേഹം കണ്ടെത്തിയ മെഡിക്കൽ കോളജിലെ നാലാം നിലയിലുള്ള സെമിനാർ ഹാളിനോട് ചേർന്ന മുറികളിൽ നവീകരണ പ്രവൃത്തി നടത്താൻ നിർദേശം നൽകിയത് ആര് തുടങ്ങിയ കാര്യങ്ങളാണ് സി.ബി.ഐ സംഘം മുൻ പ്രിൻസിപ്പലിനോട് ചോദിച്ചത്. കേസിൽ അറസ്റ്റിലായ സന്നദ്ധപ്രവർത്തകൻ സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കാൻ കഴിഞ്ഞദിവസം കോടതിയുടെ അനുമതി ലഭിച്ചിരുന്നു. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നുള്ള ജൂനിയർ ഡോക്ടർമാർ കൊൽക്കത്തയിൽ റാലി നടത്തി. ‘ഞങ്ങൾക്ക് നീതി വേണം’ എന്ന മുദ്രാവാക്യവുമായി വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റാലിയിൽ നിരവധി സീനിയർ ഡോക്ടർമാരും പങ്കെടുത്തു.

സി.ബി.ഐ ഓഫിസ് സ്ഥിതി ചെയ്യുന്ന സി.ജി.ഒ കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിച്ച റാലി നാല് കിലോമീറ്റർ അകലെ സാൾട്ട് ലേക്കിൽ ആരോഗ്യ വകുപ്പ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ഥ്യ ഭവനിലാണ് സമാപിച്ചത്. ആർ.ജി കർ മെഡിക്കൽ കോളജിൽ പുതുതായി നിയമിച്ച പ്രിൻസിപ്പൽ, ഓഫിസിലെത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുതിയ പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാകുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം.

സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര വ്യവസായ സുരക്ഷ സേന (സി.ഐ.എസ്.എഫ്) ആർ.ജി കർ മെഡിക്കൽ കോളജിലെത്തി സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തി. വനിത ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് മെഡിക്കൽ കോളജിെന്റ സുരക്ഷ സുപ്രീംകോടതി സി.ഐ.എസ്.എഫിനെ ഏൽപിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സി.ഐ.എസ്.എഫ് സംഘം ലോക്കൽ പൊലീസുമായും സംസാരിച്ചു.സി.ഐ.എസ്.എഫ് സംഘത്തെ ആശുപത്രിയിൽ വിന്യസിക്കുന്നതിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. റസഡിന്റ് ഡോക്ടർമാരുടെ ഹോസ്റ്റലിനും സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കും.

ജന്തർമന്തറിൽ ഡോക്ടർമാരുടെ പ്രതിഷേധം

ന്യൂഡൽഹി: കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമടങ്ങാതെ രാജ്യതലസ്ഥാനം. ബുധനാഴ്ച സംഘടിച്ചെത്തിയ ആരോഗ്യപ്രവർത്തകർ ഡൽഹി ജന്തർമന്തറിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സുപ്രീംകോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് വരുന്നതുവരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക സംരക്ഷണ നിയമം പാസാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായില്ല, ഉറപ്പുകൾ മാത്രമാണ് ലഭിക്കുന്നതെന്നും ഡോക്ടർമാർ ആരോപിക്കുന്നു. ഇപ്പോൾ രൂപവത്കരിച്ച ദേശീയ ദൗത്യസേനക്ക് സമാനമായ കമ്മിറ്റി നേരത്തേയും രൂപവത്കരിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് (എയിംസ്), ലേഡി ഹാർഡിങ് മെഡിക്കൽ കോളജ്, മൗലാന ആസാദ് മെഡിക്കൽ കോളജ് തുടങ്ങിയ ആശുപത്രികളിൽനിന്ന് നിരവധി ഡോക്ടർമാരാണ് പങ്കെടുത്തത്. എയിംസിലെ റെസിഡന്റ് ഡോക്ടർമാർ വഴിയാത്രക്കാർക്ക് ജന്തർമന്തറിൽ സൗജന്യ ഒ.പി സേവനങ്ങൾ നൽകിയാണ് പ്രതിഷേധിച്ചത്. ഡോക്ടർമാർ വിട്ടുനിൽക്കുന്നതോടെ പല ആശുപത്രികളും പ്രതിസന്ധി രൂക്ഷമാണ്. എയിംസിലെ സുരക്ഷ പ്രശ്നങ്ങളും ഡോക്ടർമാരുടെ ആശങ്കകളും പരിശോധിക്കാൻ രണ്ട് കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Junior doctors' strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.