ന്യൂഡൽഹി: പുണെയിലെ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ആൾദൈവം കാളിചരൺ മഹാരാജിന് ജാമ്യം. പുണെ കോടതിയാണ് വെള്ളിയാഴ്ച കാളിചരണിന് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ടിൻമേലാണ് ജാമ്യം. ഡിസംബർ 19ന് പുണെയിൽ നടന്ന ശിവപ്രതാപ് ദിൻ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് നിലവിൽ ജാമ്യം ലഭിച്ചത്. എന്നാൽ ഗാന്ധിജിക്കെതിരെ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ ഇയാൾക്ക് ജാമ്യം ലഭിക്കാത്തതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
പുണെ കോടതി ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് കാളിചരണിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു. കാളിചരണിന് ജാമ്യം നൽകുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ജാമ്യം ലഭിക്കാത്തതും ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം മൂന്നുവർഷം തടവുശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും കാളിചരണിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.
ഡിസംബർ 26ന് റായ്പൂരിൽ നടന്ന ദ്വിദിന ധർമ സൻസദിന്റെ സമാപന വേളയിൽ ഗാന്ധിജിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ കേസിൽ ഇയാൾ ജുഡീഷ്യൻ കസ്റ്റഡിയിൽ തുടരും. ജനുവരി 15 വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. ഡിസംബർ 30നാണ് ഇയാൾക്കെതിരെ ഛണ്ഡീഗഡ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് പുണെ പ്രസംഗത്തിൽ പേരിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.