ലഖ്നൗ: മണ്ഡൽ രാഷ്ട്രീയത്താൽ തിളച്ചുമറിച്ച ഉത്തരേന്ത്യൻ ഭൂമികയിൽ പിന്നാക്ക ജാതിക്കാർ കളംപിടിച്ചു തുടങ്ങിയപ്പോൾ അതിനെ മറികടക്കാൻ ബി.ജെ.പി കണ്ടെത്തിയ മറുമരുന്നായിരുന്നു കല്യാൺ സിങ്ങ്. പിന്നാക്ക ജാതിയായിരുന്ന ലോധി സമുദായത്തിൽ നിന്നുള്ള കല്യാൺ സിങ്ങിനെ ഉയർത്തിക്കാട്ടിയാണ് തങ്ങളുടെ സവർണ പ്രതിച്ഛായ മറികടക്കാൻ ബി.ജെ.പി തീവ്രശ്രമം തുടങ്ങിയത്. യാദവരല്ലാത്ത ഒ.ബി.സി ജാതിക്കാരെ അണി നിരത്തുന്നതിൽ കല്യാൺ സിങ്ങായിരുന്നു ബി.ജെ.പിയുടെ ട്രബിൾ ഷൂട്ടർ. നാഗ്പൂരിൽ നിന്നുള്ള നിർദേശങ്ങൾക്കൊത്ത് സംഘ്രാഷ്ട്രീയത്തിന് അനുകൂലമായി ഹിന്ദി ഭൂമികയെ ഉഴുതുമറിക്കുന്നതിന് കല്യാൺ സിങ്ങ് മുഖ്യപങ്കുവഹിച്ചു.
ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ 1932ൽ ജനിച്ച കല്യാൺ സിങ് ചെറുപ്പം മുതലേ ഹിന്ദുത്വരാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നു. 1967ൽ ജനസംഘിന്‍റെ വിലാസത്തിൽ അട്രോലിയിൽ നിയമസഭ അങ്കത്തിനിറങ്ങിയ കല്യാൺ സിങ് ആദ്യ തവണതന്നെ വിജയിച്ചുകയറി. തുടർന്ന് പത്ത് തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച കല്യാൺ സിങ് ഒൻപത് തവണയും വിജയമണഞ്ഞു. 1980ൽ കോൺഗ്രസിന്‍റെ അൻവർ ഖാന് മുന്നിൽ അടിയറവ് പറഞ്ഞെങ്കിലും 1985ൽ വീണ്ടും വിജശ്രീലാളിതനായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അമരക്കാരിലൊരാളായി മാറി. 1984ൽ ബി.ജെ.പി ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്‍റായ കല്യാൺ സിങ് 1989ൽ ബി.ജെ.പി നിയമസഭ കക്ഷി നേതാവുമായി.
രാമജന്മഭൂമി പ്രസ്ഥാനം സംഘ്പരിവാർ കൂടുതൽ സജീവമാക്കിയ 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും ബി.ജെ.പിയുടെ മുൻ നിരയിൽ തന്നെ കല്യാൺ സിങ്ങുമുണ്ടായിരുന്നു. രഥയാത്രയാലും അതിനെത്തുടർന്നുള്ള വർഗീയ കലാപങ്ങളാലും ബി.ജെ.പി അധികാരത്തിലേക്കുള്ള വഴികൾ വെട്ടിയപ്പോൾ ഉത്തർപ്രദേശിന്‍റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായതും കല്യാൺ സിങ് തന്നെ. 1991ലായിരുന്നു അത്. ബാബരി മസ്ജിദ് ധ്വംസനത്തിനുള്ള പരസ്യ മുദ്രാവാക്യങ്ങൾ വി.എച്ച്.പിയും ബി.ജെ.പിയും മുഴക്കിയപ്പോൾ സ്വാഭാവികമായും ആശങ്കകളുയർന്നിരുന്നു. എന്നാൽ മസ്ജിദിന് ഒരു പരിക്കും ഏൽപ്പിക്കില്ലെന്നും സുരക്ഷിതമാണെന്നും സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകിയാണ് കല്യാൺ സിങ് അതിനെ മറികടന്നത്.
എന്നാൽ 1992 ഡിസംബർ ആറിന് കർസേവകർ ആസൂത്രിതമായി ബാബരി മസ്ജിദ് തകർക്കുേമ്പാൾ അണിയറയിൽ മുഖ്യമന്ത്രിയായ കല്യാൺ സിങ്ങിന്‍റെ കരങ്ങളുമുണ്ടായിരുന്നു. മസ്ജിദ് തകർത്തതിന് പിന്നാലെ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചപ്പോൾ സിങ്ങിന്‍റെ മുഖ്യമന്ത്രി സ്ഥാനവും തെറിച്ചു. ഇടവേളക്ക് ശേഷം 1997ൽ ബി.എസ്.പിയുമായുള്ള സഖ്യത്തിലൂടെയാണ് കല്യാൺ സിങ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 1999ൽ ബി.എസ്.പി പിന്തുണ പിൻവലിച്ചതോെട മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു.
തുടർന്ന് ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് രാഷ്ട്രീയ ക്രാന്തി പാർട്ടിയുണ്ടാക്കുകയും നിയമസഭയിലേക്ക് വിജയിച്ച് ശക്തി കാണിക്കുകയും ചെയ്തു. 2004 ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയ സിങ് ബുലന്ദ് ഷഹർ ലോക്സഭാംഗമായി. തുടർന്ന് 2009 ൽ ബി.ജെ.പിയുമായി വീണ്ടും ഉടക്കി സമാജ് വാദി പാർട്ടിയോട് ചാഞ്ഞു. പ്രചാരണത്തിനും ഇറങ്ങി. എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുടെ മുസ്ലിംവോട്ടുകൾ നഷ്ടമാക്കിയെന്ന് മുലായം സിങ് യാദവിന് തന്നെ തുറന്നുപറയേണ്ടിവന്നു.
തുടർന്ന് 2010ൽ ഹിന്ദുത്വ ആശയമുള്ള ജൻക്രാന്തി പാർട്ടി രൂപീകരിച്ചു ബി.ജെ.പിക്ക് ബദലാകാൻ ശ്രമിച്ചു. അതും അധികം നീണ്ടില്ല. 2014ൽ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ച ശേഷം ദേശീയ ഉപാധ്യക്ഷനായി വാണു. ശിഷ്ട കാലം മോദി സ്തുതികളുമായി നീക്കി. 2014ൽ രാജസ്ഥാൻ ഗവർണറായി നിയമിതനായ അദ്ദേഹം 2019ൽ കാലാവധി അവസാനിക്കും വരെ പദവി വഹിച്ചു. ബാബരി മസ്ജിദ് തകർത്ത കേസിൽ ക്രിമിനൽ ഗൂഢാലോചനക്ക് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടുേമ്പാൾ കൂട്ടുപ്രതിയായ കല്യാൺ സിങ്ങിന് രാജസ്ഥാൻ ഗവർണറായതിനാൽ ഭരണഘടന പദവിയുടെ താൽക്കാലിക തണൽ ലഭിച്ചിരുന്നു. 2020 സെപ്തംബറിൽ ബാബരി ധ്വംസന ഗൂഢാലോചനക്കേസിൽ 32 പേരെ സി.ബി.ഐ കോടതി െവറുതെവിടുേമ്പാൾ രക്ഷപ്പെട്ടവരിൽ കല്യാൺ സിങ്ങുമുണ്ടായിരുന്നു. തനിക്കിനി സമാധാനപരമായി മരിക്കാമെന്നായിരുന്നു അന്ന് സിങ്ങിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.