ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കപിൽ സിബൽ. കോൺഗ്രസ് വിട്ടതിന് പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബലിന്റെ പരാമർശം. ജനവിരുദ്ധ നയങ്ങളുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. ആളുകളെ തമ്മിൽ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
താൻ സമാജ്‍വാദി പാർട്ടിയിൽ ചേർന്നിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു. സ്വതന്ത്ര്യ സ്ഥാനാർഥിയായാണ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. സമാജ്‍വാദി പാർട്ടി തനിക്ക് പിന്തുണ നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാർട്ടിയിലും ചേരില്ലെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സിബൽ പറഞ്ഞു.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തി കപിൽ സിബൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. കോൺഗ്രസ് വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23യിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. പുനഃസംഘടന അടക്കം വിവിധ വിഷയങ്ങളിൽ കോൺഗ്രസ് ഹൈക്കമാന്‍ഡിനെ സിബൽ പരസ്യമായി വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉൾപ്പെടെ പാർട്ടിയിൽ സമഗ്രമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട തിരുത്തൽ നേതാവായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.