ഹുബ്ബള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം: പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയിൽ പൊലീസ് സ്റ്റേഷനുനേരെ കല്ലേറ് നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായും അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഹുബ്ബള്ളിയിൽ നിരേധനാജ്ഞ ഏർപ്പെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ നടന്ന പൊലീസ് സ്റ്റേഷന്‍ കല്ലേറിൽ സ്റ്റേഷൻ ഇൻസ്പെക്ടർ അടക്കം 12 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

മക്കയിലെ മസ്ജിദിന്‍റെ ചിത്രത്തിൽ കാവിക്കൊടി ഉയർത്തിയ നിലയിൽ ഒരു യുവാവിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഹുബ്ബള്ളി ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടുകയായിരുന്നു.

തുടർന്ന് സ്റ്റേഷനു നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ഇതുവരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തതായും 40ലേറെ പേരെ അറസ്റ്റ് ചെയ്തതായും ഹുബ്ബള്ളി-ധാർവാഡ് പൊലീസ് കമീഷണർ ലബു റാം അറിയിച്ചിരുന്നു.

Tags:    
News Summary - Karnataka Chief Minister Assures Action In Hubbali Violence Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.