ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ
ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ.
സിദ്ധരാമയ്യ വിചാരണ ചെയ്യാൻ നൽകിയ അനുമതി പിൻവലിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ അവസ്ഥയാണ് ഗവർണർ താവർചന്ദ് ഗഹ് ലോട്ട് നേരിടേണ്ടി വരികയെന്ന് ഇവാൻ ഡിസൂസ പറഞ്ഞു. ഗവർണറുടെ നടപടിക്കെതിരായ പ്രതിഷേധ റാലിയിൽ സംസാരിക്കവെയാണ് ഇവാൻ ഡിസൂസ മുന്നറിയിപ്പ് നൽകിയത്.
'ഗവർണർ ഉത്തരവ് പിൻവലിച്ചില്ലെങ്കിലോ, രാഷ്ട്രപതി അദ്ദേഹത്തോട് പിൻവലിക്കാൻ നിർദേശിച്ചില്ലെങ്കിലോ, രാജ്യംവിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ അതേ അവസ്ഥതയിൽ കർണാടക ഗവർണർക്ക് ഓടിപ്പോകേണ്ടി വരും. ഗവർണറുടെ ഓഫീസിന് മുന്നിലാണ് അടുത്ത പ്രതിഷേധം' -ഇവാൻ ഡിസൂസ വ്യക്തമാക്കി.
ആഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ വൻ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീനക്ക് രാജ്യം വിടേണ്ടി വന്നത്. നിലവിൽ ഇന്ത്യയിലാണ് ശൈഖ് ഹസീനയും സഹോദരിയും കഴിയുന്നത്.
മൈസൂരു നഗര വികസന അതോറിറ്റി (മുഡ)ക്ക് കീഴിലെ ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാനാണ് ഗവർണർ താവർചന്ദ് ഗഹ് ലോട്ട് അനുമതി നൽകിയത്. മുഡ കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്കെതിരെ ഇതുവരെ ഒരു അന്വേഷണ ഏജൻസിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിവരാവകാശ പ്രവർത്തകൻ ടി.ജെ. അബ്രഹാം നേരത്തെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതോടെ ലോകായുക്തക്ക് ഇനി കേസെടുക്കാനാവും.
2021 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൊതുമാർഗ രേഖ (എസ്.ഒ.പി) പ്രകാരം ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. അഴിമതി തടയൽ നിയമത്തിലെ 17എ വകുപ്പു പ്രകാരം വരുന്ന കേസുകളിൽ, മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കിൽ ഡയറക്ടർ ജനറലോ തത്തുല്യ പദവിയുള്ള പൊലീസ് ഓഫിസറോ മുൻകൂർ അനുമതി തേടിയ ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്നതാണ് കേന്ദ്ര മാർഗരേഖ. ഇത് ലംഘിക്കപ്പെട്ടതായും തനിക്കെതിരെ ധിറുതിപിടിച്ച നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.