രാകേഷ് ടികായത്തിനുനേരെ ആക്രമണം: പിന്നിൽ കോടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികൾ

ബംഗളൂരു: കർഷകനേതാവും ഭാരതീയ കിസാൻ യൂനിയൻ നേതാവുമായ രാകേഷ് ടികായത്തിനുനേരെ ബംഗളൂരുവിൽ കരിമഷിപ്രയോഗം. തനിക്കെതിരായ ഒളികാമറ റിപ്പോർട്ടിൽ വിശദീകരണം നൽകാൻ വിളിച്ചുചേർത്ത വാർത്തസമ്മേളന വേദിയിലാണ് സംഭവം. പ്രാദേശിക കർഷക നേതാവായ കോടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് ആക്രമണത്തിന് പിന്നിൽ.

വേദിയിലേക്ക് വന്ന ഒരാൾ ആദ്യം ടികായത്തിനെ മുന്നിലുണ്ടായിരുന്ന മൈക്ക്കൊണ്ട് തട്ടിയിട്ടു. ഈ സമയം മറ്റൊരാൾ കറുത്ത മഷി മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.  ചടങ്ങ് അലങ്കോലമായതോടെ അനുയായികൾ ടികായത്തിന് സംരക്ഷണവലയം തീർത്തു. തുടർന്ന് വേദിയിൽ ഇരുവിഭാഗവും തമ്മിൽ കസേരകൾകൊണ്ടും മറ്റും കൂട്ടത്തല്ല് നടന്നു.

ബസ് സമരം പിൻവലിക്കാൻ തങ്ങൾ പണം ആവശ്യപ്പെട്ടെന്ന് ചന്ദ്രശേഖർ പറയുന്ന ഒളികാമറ റിപ്പോർട്ട് പ്രാദേശിക ചാനൽ പുറത്തുവിട്ടിരുന്നു. ടികായത്തിന്റേതടക്കം ദേശീയ കർഷകനേതാക്കളുടെ പേരുകളും പരാമർശിച്ചിരുന്നു. തങ്ങളുടെ പേര് പറഞ്ഞ ചന്ദ്രശേഖർ കള്ളനാണെന്ന് വാർത്തസമ്മേളനത്തിൽ ടികായത്ത് പറഞ്ഞതോടെയാണ് ആക്രമണം നടന്നത്.

സംഭവത്തിൽ മൂന്നുപേർ പിടിയിലായിട്ടുണ്ട്.  ബി.ജെ.പി സർക്കാർ വേദിയിലുള്ള തനിക്ക് സുരക്ഷ നൽകിയില്ലെന്ന് ടികായത്ത് പ്രതികരിച്ചു. പൊലീസ് ഒരുവിധ സുരക്ഷയും നൽകിയില്ല. സർക്കാറുമായി നടന്ന ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും ടികായത്ത് പറഞ്ഞു. കേന്ദ്രസർക്കാറിന്റെ കാർഷികനയങ്ങൾക്കെതിരായ സമരം നയിച്ചത് ടികായത്തായിരുന്നു.

Tags:    
News Summary - Karnataka: Ink thrown at BKU leader Rakesh Tikait in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.