കർണാടകയിൽ നന്ദിനി പാൽ `ഒഴു​ക്കി​' വോട്ട് പിടിക്കാൻ ബി.ജെ.പി, വാഗ്ദാനങ്ങളുടെ ആറ് ‘എ’കളുമായി പ്രകടന പത്രിക

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ഒൻപത് ദിവസം മാത്രം ശേഷിക്കെ കർണാടകയിൽ പാലൊഴുക്കി വോട്ട് പിടിക്കാൻ ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ ആറ് ‘എ’കൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. അന്നം, അഭയം, അക്ഷരം, ആരോഗ്യം, അഭിവൃദ്ധി, ആദായം എന്നിങ്ങനെ തിരിച്ചാണു ആറ് വാഗ്ദാനങ്ങൾ.

ഏകീകൃത സിവിൽ കോഡ് (യു.സി.സി), ദേശീയ പൗര റജിസ്റ്റർ (എൻ.ആർ.സി) എന്നിവ നടപ്പാക്കുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ‌ ജെ.പി. നദ്ദ പറഞ്ഞു. ബി.പി.എൽ കുടുംബങ്ങൾക്കു സൗജന്യമായി ഓരോ വർഷവും മൂന്ന് പാചകവാതക സിലിണ്ടർ, എല്ലാ മുനിസിപ്പൽ കോർപറേഷനിലെ വാർഡുകളിലും അടൽ ആഹാര കേന്ദ്രം വഴി ആരോഗ്യകരവും മികച്ചതുമായ ഭക്ഷണം, ബി.പി.എൽ റേഷൻ കാർഡുള്ളവർക്ക് ദിവസവും അര ലീറ്റർ നന്ദിനി പാലും പ്രതിമാസം അഞ്ച് കിലോ ചെറുധാന്യവും തുടങ്ങിയവയാണ് ‘അന്ന’ വിഭാഗത്തിലുള്ളത്.

ഭൂ–ഭവന രഹിതർക്കായി 10 ലക്ഷം ഹൗസിങ് സൈറ്റുകൾ, എസ്‌.സി–എസ്‍.ടി വിഭാഗം വനിതകൾക്കായി അഞ്ച് വർഷത്തേക്ക് 10,000 രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയവയാണ് ‘അഭയ’ത്തിലുള്ളത്. സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്തൽ, ഐ.ടി.ഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച യുവ പ്രഫഷണലുകളെ സൃഷ്ടിക്കൽ, ഐ.എ.എസും ബാങ്കിങ്ങും സർക്കാർ ജോലിയും ആഗ്രഹിക്കുന്ന യുവാക്കൾക്ക് സാമ്പത്തിക–കരിയർ സഹായങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ‘അക്ഷരം’.

മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്. അടുത്ത തലമുറയ്ക്കായി ബംഗളൂരുവിനെ അത്യാധുനിക രീതിയിൽ വികസിപ്പിക്കുക, ഡിജിറ്റൽ ഇന്നവേഷന്റെ ആഗോള ഹബ്ബായി ബെംഗളൂരുവിനെ മാറ്റുക, കർണാടകയെ ഇലക്ട്രിക് വാഹനങ്ങളുെട ഹബ്ബാക്കുക, കാർഷിക മേഖലയ്ക്കായി 1.30 ലക്ഷം കോടിയുടെ കെ–അഗ്രി ഫണ്ട്, 5 പുതിയ അഗ്രോ–ഇൻഡസ്ട്രി ക്ലസ്റ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ‘അഭിവൃദ്ധി’.

കല്യാൺ സർക്യൂട്ട്, പരശുരാമ സർക്യൂട്ട്, ഗണഗാപുര ഇടനാഴി തുടങ്ങിയവയിലൂടെ സംസ്ഥാനത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുക, നിർമാണ മേഖലയിൽ 10 ലക്ഷം തൊഴിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ‘ആദായം’ വിഭാഗത്തിലുള്ളത്. എസി മുറിയിലിരുന്നല്ല, പ്രവർത്തകർ സംസ്ഥാനത്ത് എല്ലായിടത്തും സന്ദർശിച്ചു ശേഖരിച്ച വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്താണ് പ്രകടന പത്രിക തയാറാക്കിയതെന്നു നദ്ദ വ്യക്തമാക്കി.

Tags:    
News Summary - Karnataka polls: BJP releases manifesto, promises UCC, free gas cylinders, milk packet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.