ബംഗളൂരു: ക്ലാസ് മുറിക്കുള്ളിൽ കുട്ടികൾക്ക് നമസ്കരിക്കാൻ അനുവാദം നൽകിയതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ. കർണാടകയിലെ കോലാർ ജില്ലയിൽ സർക്കാർ സ്കൂളിലാണ് സംഭവം. പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.
കുട്ടികൾ ക്ലാസ് മുറിയിൽ നമസ്കരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി മുൽബാഗൽ സോമേശ്വര പാളയ ബലെ ചങ്ങപ്പ ഗവ. കന്നട മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെത്തിയത്. സംഭവത്തിൽ കോലാർ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെയാണ് ബ്ലോക്ക് എഡുക്കേഷൻ ഓഫിസർ ഗിരിജേശ്വരി ദേവി സ്കൂൾ പ്രധാനാധ്യാപിക ഉമാ ദേവിയെ സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച സ്‌കൂളിൽ നമസ്‌കരിക്കാൻ വിദ്യാർഥികൾക്ക് അനുമതി നൽകിയത് പ്രധാനാധ്യാപികയുടെ വീഴ്ചയാണെന്ന് ബ്ലോക്ക് എഡുക്കേഷൻ ഓഫിസർ പറഞ്ഞു. ക്ലാസ് മുറിയിൽ നമസ്കരിക്കാൻ കുട്ടികൾക്ക് അനുവാദം നൽകിയിരുന്നില്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞിരുന്നത്. സ്കൂളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.