ന്യൂഡൽഹി: ജമ്മു-കശ്മീരിൽ പട്ടാപ്പകൽ മോദിസർക്കാറിെൻറ ഇരുട്ടടി. രാജ്യത്തെ സ്ത ബ്ധമാക്കി സേനയുടെ കൂച്ചുവിലങ്ങിൽ സംസ്ഥാനത്ത് പൊടുന്നനെ കൊണ്ടുവന്ന മാറ്റങ്ങൾ വഴി ബി.ജെ.പി പ്രകടനപത്രികയിലെ പതിവ് അജണ്ടകളിലൊന്ന് നടപ്പാക്കി. രണ്ടാം മോദിസർ ക്കാറിെൻറ 100 ദിന പരിപാടികളിൽ പ്രധാനമായി മാറിയ ഇൗ നടപടി കോടതിയിൽ ചോദ്യം ചെയ്യപ ്പെടുമെന്ന് ഉറപ്പാണെങ്കിൽക്കൂടി, വിവാദ അജണ്ടകൾ നടപ്പാക്കുന്നതിനുള്ള താൽപര്യവും കെൽപും ബോധ്യപ്പെടുത്തി അണികളെ ഹരം കൊള്ളിക്കുകയാണ് ബി.ജെ.പി. കോടതിവിധി എന്തായിരുന്നാലും അണികൾക്ക് കൈമാറാനുള്ള സന്ദേശം ബി.ജെ.പി തിങ്കളാഴ്ച തന്നെ കൈമാറിക്കഴിഞ്ഞു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളയുമെന്ന മുദ്രാവാക്യം സംഘ്പരിവാർ പതിറ്റാണ്ടുകളായി മുന്നോട്ടുവെച്ചു വരുന്ന കാര്യപരിപാടിയിലൊന്നാണ്. എന്നാൽ, അമിത്ഷാ ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ അത് നടപ്പാക്കിയത് വലിയ നേട്ടമായി സർക്കാർ വിശേഷിപ്പിക്കുന്നു. അജണ്ട നടപ്പാക്കി സംഘ്പരിവാർ അണികളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം മാന്ദ്യത്തിെൻറ കെടുതി, ഉന്നാവ് പോലുള്ള സംഭവങ്ങൾ എന്നിവയിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കൂടിയാണ് താൽക്കാലികമായെങ്കിലും വിജയിക്കുന്നത്.
എന്നാൽ, കശ്മീർ കലങ്ങുകയാണ്. രണ്ടു മുൻമുഖ്യമന്ത്രിമാർ അടക്കം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വീട്ടുതടങ്കലിലാക്കിയും മൊബൈൽ, േഫാൺ ബന്ധങ്ങൾ മന്ദഗതിയിലാക്കിയും ജമ്മു-കശ്മീരിനെ സ്തംഭിപ്പിച്ചാണ് സർക്കാർ കാര്യപരിപാടിയിലേക്ക് കടന്നത്. അമർനാഥ് യാത്ര നിർത്തിവെച്ചതിന് ബോംബു ഭീഷണി കാരണമായി പറഞ്ഞതിലെ വസ്തുതയും ഇതിനൊപ്പം ചോദ്യം ചെയ്യപ്പെടുകയാണ്.
ജമ്മു-കശ്മീരിൽ പരീക്ഷിച്ചത് ഏതു സംസ്ഥാനത്തിനു നേർക്കും നാളെ പ്രയോഗിക്കാമെന്ന ആശങ്ക വിവിധ പ്രതിപക്ഷ പാർട്ടികൾ പങ്കുവെക്കുന്നു. അതോടൊപ്പം ബി.ജെ.പിയുടെ അടുത്ത അജണ്ട എന്താകാമെന്ന ആശങ്കയും ഉയർന്നു തുടങ്ങി. രാമക്ഷേത്ര നിർമാണം, അസമിലെ പൗരത്വ രജിസ്റ്റർ, എക സിവിൽ കോഡ് തുടങ്ങിയവ അടുത്ത കാര്യപരിപാടിയായി ഉയർന്നുവന്നേക്കാമെന്ന് ചർച്ചകളുണ്ട്.
ജമ്മുവിൽ സേനാവിന്യാസം
ജമ്മു: ജമ്മു-കശ്മീരിലെ പുതിയ സാഹചര്യം നേരിടാൻ വൻ സേനാവിന്യാസവുമായി കേന്ദ്രം. ജമ്മു നഗരത്തിൽ തിങ്കളാഴ്ച ആറു കോളം കരസേനാംഗങ്ങളെ വിന്യസിച്ചു. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം മുൻകരുതലായി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജമ്മു മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അനിഷ്ടസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പൊലീസിന് പുറമെ സി.ആർ.പി.എഫ് സേനാംഗങ്ങളും നഗരത്തിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.