കശ്മീരില്‍ 50 ദിവസത്തിനകം മരിച്ചത് 26 സൈനികര്‍; 22 ഭീകരരെ വധിച്ചു

ശ്രീനഗര്‍: 2017ലെ ആദ്യ 50 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ജമ്മു-കശ്മീരില്‍ പൊലിഞ്ഞത് 26 സൈനികരുടെ ജീവന്‍. താഴ്വരയിലെ കടുത്ത മഞ്ഞുവീഴ്ചയില്‍പെട്ടാണ് 20 സൈനികര്‍ മരിച്ചത്. തീവ്രവാദികളുമായുണ്ടായ വിവിധ ഏറ്റുമുട്ടലുകള്‍ക്കിടെ ആറു സൈനികരും കൊല്ലപ്പെട്ടിരുന്നു. 50 ദിവസത്തിനിടെ സുരക്ഷാസേന 22 ഭീകരരെ വധിച്ചു.  

2010ല്‍ ആദ്യത്തെ രണ്ടു മാസത്തിനുള്ളില്‍ 38 ഭീകരരെ വധിച്ചിരുന്നു. 2016, 2015, 2014 വര്‍ഷങ്ങളില്‍ ആദ്യത്തെ രണ്ടു മാസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി 18 ഭീകരരെയാണ് വധിച്ചത്. കഴിഞ്ഞവര്‍ഷം ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നൂറോളം യുവാക്കള്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. 

2017 ജനുവരി ഒന്നു മുതല്‍ നടത്തിയ 50ഓളം തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ 16 എണ്ണത്തിലായാണ് 22 തീവ്രവാദികളെ വധിക്കുകയും മൂന്നു തീവ്രവാദികള്‍  അറസ്റ്റിലാവുകയും ചെയ്തത്. തീവ്രവാദ സംഘടനകളെ സഹായിക്കുന്നവരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരായ 40ലധികം പേരെയാണ് രണ്ടു മാസത്തിനിടെ പിടികൂടിയത്.

തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത് കൂടുതല്‍ സിവിലിയന്മാര്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്നത് തടയാനാണെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തിടെ മരിച്ച തീവ്രവാദികള്‍ അധികം പേരും കഴിഞ്ഞ ആറു മാസത്തിനിടെയാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത് എന്നു തെളിഞ്ഞ സാഹചര്യത്തിലാണിത്. വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനായി യുവാക്കള്‍ക്ക് കൗണ്‍സലിങ് പരിപാടികളും നടത്തുന്നുണ്ട്. 

ഇതിനിടെ റേസി ജില്ലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു ഗ്രാമീണര്‍ക്ക് പരിക്കേറ്റു. സാബിര്‍ അഹമ്മദ്, സഹോദരന്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാബിര്‍ വീടിന്‍െറ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ചസാനാ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.