ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ, സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്ര അധിക്ഷേപ ട്വീറ്റുകൾ നടത്തിയെന്ന് ആരോപിച്ച് ട്വിറ്റർ മേധാവികളെ പാർലമെൻററി സമിതി വിളിച്ചുവരുത്തി. വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി, ഡാറ്റ സംരക്ഷണത്തിനായുള്ള സംയുക്ത പാർലമെൻററി സമിതി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.
ലഡാക്ക് ചൈനയുടെ ഭാഗമായി കാണിക്കുന്ന മാപ്പ് പ്രസിദ്ധീകരിച്ചതിന് ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് പുതിയ വിവാദത്തിൽ ട്വിറ്റർ ഇന്ത്യ പ്രതിനിധികൾ സമിതി മുമ്പാകെ വ്യാഴാഴ്ച ഹാജരായത്. സുപ്രീംേകാടതിയും ചീഫ് ജസ്റ്റിസും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കാൻ ട്വിറ്റർ അവരുടെ പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുന്നത് നാണക്കേടാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. അതേസമയം, ട്വീറ്റുകൾ പിൻവലിക്കാനോ ക്ഷമാപണം നടത്താനോ കുനാൽ തയാറായിട്ടില്ല.
ആ ട്വീറ്റുകൾ 'സ്വയം സംസാരിക്കുന്നവ'യാണെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. കേന്ദ്രസർക്കാർ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വിയുടെ മേധാവി അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച സംഭവത്തിനു പിന്നാലെ കുനാൽ നടത്തിയ വിവിധ ട്വീറ്റുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നിയമനടപടി എടുക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.