കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ഇരുസമുദായങ്ങളിലെയും നിരവധിപേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. ആറിലധികം പൊലീസ് വാഹനങ്ങളും കത്തിച്ചു.
സ്ഥിതിഗതികൾ നേരിടാൻ കേന്ദ്ര സർക്കാർ മൂന്നു കമ്പനി അർധസൈന്യത്തെ സംസ്ഥാനത്തേക്കയച്ചു. 300 അർധ സൈനികരാണ് എത്തിയത്. ഇവർ ക്രമസമാധാന പാലനത്തിന് ലോക്കൽ പൊലീസിനെ സഹായിക്കും.
ഒരു വിദ്യാർഥി നടത്തിയ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയയിൽ സംഘർഷമുണ്ടായത്. ഒരു മതത്തിെൻറ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് 11ാം ക്ലാസ് വിദ്യാർഥി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. രാത്രി വിദ്യാർഥിയെ അറസ്റ്റ് ചെയ്തെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും സംഘർഷം അരങ്ങേറി. ബദുരിയ, ടെൻറുലിയ, ഗോലാബാരി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘർഷമുണ്ടായത്.
തിങ്കളാഴ്ച രാത്രി ബദുരിയ പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിക്കുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. ആറിലധികം പൊലീസ് വാഹനങ്ങൾ വിവിധ ഇടങ്ങളിലായി കത്തിച്ചെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ദേബശ്രീ ചൗധരി സംഘർഷമേഖല സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ ജില്ല ആസ്ഥാനത്ത് റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.