പാർട്ടി ടിക്കറ്റ് നൽകിയില്ല; കർണാടകയിൽ ലക്ഷ്മൺ സവാഡി ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക്

ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പിയിൽ സ്ഥാനാർഥിത്വത്തെ ചൊല്ലി പൊട്ടിത്തെറി തുടരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മൺ സവാദി പാർട്ടി വിട്ടു.  ഇദ്ദേഹം ഉടൻ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇതു സംബന്ധിച്ച് സവാദി ചർച്ച നടത്തിയിരുന്നു. സവാദിയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ ഗുണം​ചെയ്യുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.

ശക്തനായ ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തനുമായ ലക്ഷ്മൺ സവാദി കർണാടകയിലെ ബി.ജെ.പിയുടെ മുഖമായിരുന്നു. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ലക്ഷ്മൺ കോൺഗ്രസ് സ്ഥാനാർഥിയോട് പരാജ​യപ്പെട്ടിരുന്നു. ബെളഗാവിയെ പ്രതിനിധീകരിച്ചാണ് സവാദി 2003 മുതൽ 2018 വരെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ഈ മണ്ഡലം ഓപറേഷൻ താമര വഴി പാർട്ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിക്ക് നൽകാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിൽ സവാദി എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

ഇത്തവണ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഷെട്ടർ ഡൽഹിയിലേക്ക് തിരിച്ചിരുന്നു. ​െഷട്ടർ സുബ്ബള്ളിയിൽ വിമതനായി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഷെട്ടർക്കു മുമ്പ് മറ്റൊരു മുതിർന്ന നേതാവായ കെ.എസ്. ഇശ്വരപ്പയും കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മത്സരങ്ങളിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ബി.ജെ.പി 189 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. സീറ്റ് ലഭിക്കാതെ നിരാശയിലായ പല എം.എൽ.എമാരും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ബി.ജെ.പി പുറത്തുവിട്ട പുതിയ പട്ടികയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുകയാണെന്ന പേരിൽ പല പ്രമുഖ നേതാക്കളെയും ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Laxman Sangappa Savadi Quits BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.