ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി ലഫ്. ഗവർണർ അനിൽ ബൈജൽ. സെക്രട്ടറിയേറ്റിനുള്ളിൽ അനുവദിച്ച സ്ഥലത്ത് മുഖ്യമന്ത്രി കാർ പാർക്ക് ചെയ്യണമായിരുന്നു. മുഖ്യമന്ത്രിയുടെ കാർ കണ്ടുപിടിച്ച ഡൽഹി പൊലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാർ മോഷണം പോയ സംഭവം ചുണ്ടിക്കാട്ടി, ഡൽഹിയിലെ ക്രമസമാധാന പാലനം അധഃപതിച്ചുകൊണ്ടിരിക്കയാണെന്ന് ആരോപിച്ച് കെജ്രിവാൾ നൽകിയ കത്തിൽ മറുപടി പറയുകയായിരുന്നു ലഫ്.ഗവർണർ.
നിയുക്ത കാർ പാർക്കിങ് സ്ഥലത്ത് വാഹനം നിർത്തി കെജ്രിവാൾ പൊലീസുമായി സഹകരിക്കണം. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിക്കായി പ്രത്യേക പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിട്ടു കൂടി അദ്ദേഹം പൊലീസുമായി സഹകരിക്കുകയോ വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലെന്നും അനിൽ ബൈജൽ വിമർശിച്ചു.
കെജ്രിവാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുഖ്യമന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായുമെല്ലാം ഉപയോഗിച്ചത് മാരുതിയുടെ നീല വാഗൺ ആർ കാറായിരുന്നു.
ഡൽഹി സെക്രട്ടറിയേറ്റിനു പുറത്ത് നിർത്തിയിട്ടിരുന്ന കാർ ഒക്ടോബർ 12 ന് ഉച്ചയോടെയാണ് മോഷണം പോയത്. കെജ്രിവാളിെൻറ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും രണ്ടു ദിവസത്തിനു ശേഷം ഗാസിയാബാദിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തുകയും ചെയ്തിരുന്നു.
കെജ്രിവാൾ രണ്ടാം തവണയും മുഖ്യമന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായ ഇന്നോവയാണ് ഉപയോഗിക്കുന്നത്. നീല വാഗൺ ആർ ആം ആദ്മി പാർട്ടിയുടെ ആവശ്യങ്ങൾക്കായി മീഡിയ കോഡിനേറ്റർ വന്ദനയാണ് ഉപയോഗിക്കുന്നത്. 2012 ജനുവരിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ കുന്ദൻ ശർമായാണ് കെജ്രിവാളിന് നീല വാഗൺ ആർ കാർ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.