ഹിന്ദു ഗുജ്ജർ സമുദായനേതാക്കൾ ഛാവ്ഡയിൽ വിളിച്ചുകൂട്ടിയ യോഗത്തിനെത്തിയ സമാജ് വാദി പാർട്ടി സ്ഥാനാർഥി ഇക്റ ഹസനെ വരവേറ്റ് ഗംഗേരുവിലെ പ്രധാൻ സഞ്ജീവ് കുമാർ പറഞ്ഞതാണിത്. സിറ്റിങ് എം.പി പ്രദീപ് കുമാറിനെ വീണ്ടുമൊരിക്കൽ കൂടി ജയിപ്പിച്ചെടുക്കുക ബി.ജെ.പിക്ക് അനായാസമല്ലെന്ന് പറയാൻ ഛാവ്ഡയിൽ ഹിന്ദു ഗുജ്ജർ സമുദായ നേതാക്കൾ സംഘടിപ്പിച്ച ഈ പ്രചാരണ യോഗം മതി.
‘ഇക്കുറി നടക്കുന്നത് ഇക്റാ ഹസന്റെ തെരഞ്ഞെടുപ്പല്ല, എല്ലാവരുടെയും അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും തെരഞ്ഞെടുപ്പാണ്. വരുന്ന 19ന് പോളിങ് ബൂത്തിൽ ചെന്ന് സൈക്കിളിൽ ബട്ടൺ അമർത്തുമ്പോൾ ഇക്റ ഹസൻ ചൗഹാനൊപ്പം ഉയരുന്നത് നമ്മുടെ അന്തസ്സും ആത്മാഭിമാനവുമാണ്. സാധാരണ 90 ശതമാനം പോളിങ് നടക്കാറുള്ള ഈ ഗ്രാമത്തിൽനിന്ന് 19ന് നടക്കുന്ന വോട്ടെടുപ്പിലും അതാവർത്തിക്കണം’.
ഹിന്ദു ഗുജ്ജർ സമുദായനേതാക്കൾ ഛാവ്ഡയിൽ വിളിച്ചുകൂട്ടിയ യോഗത്തിനെത്തിയ സമാജ് വാദി പാർട്ടി സ്ഥാനാർഥി ഇക്റ ഹസനെ വരവേറ്റ് ഗംഗേരുവിലെ പ്രധാൻ സഞ്ജീവ് കുമാർ പറഞ്ഞതാണിത്. സിറ്റിങ് എം.പി പ്രദീപ് കുമാറിനെ വീണ്ടുമൊരിക്കൽ കൂടി ജയിപ്പിച്ചെടുക്കുക ബി.ജെ.പിക്ക് അനായാസമല്ലെന്ന് പറയാൻ ഛാവ്ഡയിൽ ഹിന്ദു ഗുജ്ജർ സമുദായ നേതാക്കൾ സംഘടിപ്പിച്ച ഈ പ്രചാരണ യോഗം മതി.
കൈരാനയിൽ മുസ്ലിംകളെ ഭയന്ന് ഹിന്ദുക്കളൊന്നടങ്കം പലായനം ചെയ്യുകയാണെന്ന് പ്രചാരണം നടത്തിയ ബി.ജെ.പി നേതാവ് ഹുകും സിങ് ഇപ്പോഴില്ല. കെട്ടിച്ചമച്ച ഹിന്ദു പലായനത്തിന്റെ കഥ അദ്ദേഹം മരിക്കും മുമ്പേ പൊട്ടിയ കൈരാനയിൽ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനായി ബി.ജെ.പിക്ക് ഇനിയൊരു കഥ ചമക്കാനുമാകുന്നില്ല.
ഹുകും സിങ്ങിന്റെ മകൾ മഗങ്ക സിങ്ങിനോ വീരേന്ദ്ര ചൗഹാന്റെ മകൻ മനീഷ് ചൗഹാനോ ഇക്കുറി ലഭിക്കുമെന്ന് കരുതിയ കൈരാന ലോക്സഭ മണ്ഡലത്തിൽ അതിനുപകരം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ വോട്ടർമാരുടെ രോഷമേറ്റുവാങ്ങുന്ന സിറ്റിങ് എം.പി പ്രദീപ് സിങ്ങിന് സീറ്റ് നൽകിയ ബി.ജെ.പിയോടുള്ള അമർഷം കൂടിയാണ് 84 ഗുജ്ജർ ഗ്രാമങ്ങളുടെ സമുദായ നേതാക്കളിലൂടെ പ്രതിഫലിക്കുന്നത്.
ഇക്റ ഹസൻ ചൗഹാൻ എന്നുതന്നെ ‘ഇൻഡ്യ‘ സഖ്യത്തിന്റെ കന്നിയങ്കക്കാരിയെ അവർ അഭിസംബോധന ചെയ്യുന്നതും അതുകൊണ്ടാണ്.
പടിഞ്ഞാറൻ യു.പിയിലെ വലിയ ഗ്രാമ പഞ്ചായത്തായ ഗംഗേരുവിലെ പ്രധാനും ഗുജജർ സമുദായ നേതാവുമാണ് സഞ്ജീവ് കുമാർ. 23,000 വോട്ടുകളുള്ള ഗ്രാമത്തിൽ ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന സഞ്ജീവിനുള്ള സ്വാധീനം കൊണ്ടാണ് കഴിഞ്ഞ മൂന്ന് തവണയും തുടർച്ചയായി പ്രധാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതുവരെ ബി.ജെ.പിക്ക് വേണ്ടിയായിരുന്നു തന്റെയും സമുദായത്തിന്റെയും പ്രവർത്തനമെന്നും ഇക്കുറി തങ്ങൾ വളരെ പരസ്യമായാണ് ഇക്റ ഹസനും സമാജ്വാദി പാർട്ടിക്കും വേണ്ടി രംഗത്തുവന്നിട്ടുള്ളതെന്നും സഞ്ജീവ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത് തന്റെ ഗ്രാമത്തിന്റെ മാത്രം തീരുമാനമല്ലെന്നും മറിച്ച് 84 ഹിന്ദു ഗുജ്ജർ ഗ്രാമങ്ങളുടെയും തീരുമാനമാണെന്നും ഫത്തേപൂർ ഗ്രാമത്തിൽനിന്ന് പഞ്ചായത്തിനെത്തിയ പ്രധാൻ ചരൺ സിങ്ങിനെ ചേർത്തുപിടിച്ച് സഞ്ജീവ് സാക്ഷ്യപ്പെടുത്തി.
നമുക്കു മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വിദ്വേഷ പ്രചാരണത്തിന് വശപ്പെടാതെ അതിനപ്പുറത്തേക്ക് നോക്കിയാണ് ജാതിയും മതവും നോക്കാതെ ഇക്കുറി ഇക്റ ഹസനെ കൈരാനയിൽ പിന്തുണക്കാനുള്ള തങ്ങളുടെ തീരുമാനമെന്ന് ഫത്തേപൂർ പ്രധാൻ ചരൺ സിങ് പറഞ്ഞു. പഠിപ്പും വിവരവുമുള്ള ഇക്റ ചെറുപ്പമാണെങ്കിലും എല്ലാ സമുദായങ്ങളുമായും അടുത്ത് ഇടപഴകുകയും അവരെയെല്ലാം ജാതി മതഭേദമെന്യേ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയ മനസ്സിനുടമയാണെന്ന് ചരൺ സിങ് പറഞ്ഞു.
മുതിർന്നവരെ ആദരിക്കുക മാത്രമല്ല, മണ്ഡലത്തിന്റെ വികസനത്തിന് അവരുടെ അനുഗ്രഹവും അഭിപ്രായവും തേടുന്ന പ്രകൃതക്കാരിയാണവർ. കന്നിയങ്കത്തിനിറങ്ങിയ ഒരു ഇരുപത്തഞ്ചുകാരി വളരെ ചുരുങ്ങിയ നാളുകൾകൊണ്ട് ഒരു ലോക്സഭ മണ്ഡലത്തിന്റെ ഹൃദയത്തിലിടം കണ്ടെത്തിയ കഥ പറയുകയാണിപ്പോൾ കൈരാന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.