വീരപ്പന്‍ വേട്ട: വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മഅ്ദനി

ബംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ തമിഴ്നാട് പൊലീസിനെ സഹായിച്ചത് താനാണെന്ന രീതിയില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഫേസ്ബുക് അക്കൗണ്ടിലൂടെ ഞായറാഴ്ച രാത്രി എട്ടോടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കിയത്.
ഒരു ഐ.പി.എസ് ഓഫിസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന പേരില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ താനാണെന്ന രീതിയില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കേണ്ടതില്ളെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ഈ സാങ്കല്‍പിക പേരുകാരന്‍ ഞാനാണെന്ന് മറ്റൊരു റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി വീണ്ടും വാര്‍ത്ത വന്നതോടെ പലരുടെയും അഭിപ്രായം മാനിച്ചാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പുസ്തകം എഴുതിയെന്ന് പറയുന്നയാള്‍ അവകാശപ്പെടുന്നത് ജാമ്യം സംബന്ധമായ കാര്യങ്ങളില്‍ സഹായിക്കാമെന്ന് പൊലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും രണ്ടാമത്തെയാള്‍ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമായിരുന്നു ചര്‍ച്ച എന്നുമാണ്. വാര്‍ത്ത അവാസ്തവമാണെന്നതിന്‍െറ തെളിവാണിത്.
ഈ കാലയളവില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈകോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുളസിയെ കൊണ്ടുവന്നത് ഇവരാണ്. പിന്നീട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തതും ഇദ്ദേഹമാണ്.
കൃത്രിമ കാല്‍ മാറ്റിവെക്കാന്‍ ചെന്നൈയിലെ ആശുപത്രിയില്‍ പോകാന്‍ അനുമതി ചോദിച്ച് മദ്രാസ് ഹൈകോടതിയില്‍ ഞാന്‍ നല്‍കിയ ഹരജിയെ ശക്തമായി എതിര്‍ത്തില്ല എന്ന കാരണം പറഞ്ഞ് അന്നത്തെ ആഭ്യന്തര സെക്രട്ടറി മുനീറുല്‍ ഹുദയെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാന്‍ എന്‍െറ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പറഞ്ഞുവിട്ടു എന്നുപറയുന്നതിലെ വങ്കത്തം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. ബംഗളൂരുവിലുള്ള കേസിന്‍െറ വിചാരണ അവസാന ഘട്ടത്തിലത്തെുമ്പോള്‍ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കാനും പുതിയ കുരുക്കുകള്‍ തീര്‍ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ ‘വെളിപ്പെടുത്തലുകള്‍’ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും മഅ്ദനി പറഞ്ഞു.

വീരപ്പന്‍ വേട്ടക്ക് നേതൃത്വം നല്‍കിയ ദൗത്യസേന തലവന്‍ കെ. വിജയകുമാര്‍ എഴുതിയ ‘വീരപ്പന്‍: ചേസിങ് ദ ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് വീരപ്പന്‍ വേട്ടക്ക് സഹായം നല്‍കിയത് ‘ദമനി’ എന്നയാളാണെണ് വെളിപ്പെടുത്തുന്നത്.
ചില ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതിന്‍െറ ഗൂഢാലോചനാ കുറ്റത്തിന് ‘ദമനി’ ജയിലില്‍ കഴിയുമ്പോള്‍ വീരപ്പന്‍െറ മൂത്ത സഹോദരന്‍ മാതയ്യനും അവിടെയുണ്ടായിരുന്നതായും ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്നതായും പുസ്തകത്തില്‍ പറയുന്നു. ഇതാണ് ‘ദമനി’ മഅ്ദനിയാണെന്ന സംശയത്തിനിടയാക്കിയത്.

എന്നാല്‍, ഇത് മഅ്ദനിയാണോയെന്ന് സ്ഥിരീകരിക്കാനും നിഷേധിക്കാനും വിജയകുമാര്‍ തയാറായില്ല. എന്നാല്‍, ദൗത്യത്തിന്‍െറ ഭാഗമായി മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ച തമിഴ്നാട് മുന്‍ ഡി.ജി.പിയും നിലവില്‍ മയിലാപൂര്‍ എം.എല്‍.എയുമായ ആര്‍. നടരാജ് ഇത് മഅ്ദനി തന്നെയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മഅ്ദനിയുടെ വിശദീകരണം.

Tags:    
News Summary - madani-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.