സ്വാതന്ത്ര്യദിനത്തിൽ വിധവകൾക്ക് ദേശീയ പതാക ഉയർത്താൻ അവസരമൊരുക്കണം

മുംബൈ: ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ വിധിവകളെ ദേശീയ പതാക ഉയർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ. മഹാരാഷ്ട്രയിലെ മുഴുവൻ ഗ്രാമങ്ങളിലെയും സർപഞ്ചുകളോടാണ് സാമൂഹിക പ്രവർത്തകൻ പ്രമോദ് സിൻജാദെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

പതാക ഉയർത്തൽ ചടങ്ങിന് ശേഷം വിധവകളോട് പ്രസംഗം നടത്താൻ ആവശ്യപ്പെടണമെന്നും എല്ലാ ഗ്രാമമുഖ്യന്മാരോടുമായി നടത്തിയ പൊതു അഭ്യർത്ഥനയിൽ സിൻജാദെ പറഞ്ഞു. വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ് ഇദ്ദേഹം.

എല്ലാ ഗ്രാമസഭകളും പതാക ഉയർത്തൽ പരിപാടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ജില്ല കലക്ടർമാർ മുഖേന സംസ്ഥാന സർക്കാറിന് അയക്കണം. 28,000 ഗ്രാമങ്ങളും 28,000 വിധവകളെ ഈ രീതിയിൽ ആദരിക്കുകയാണെങ്കിൽ മഹാരാഷ്ട്രയെ ലിംഗ സമത്വ സംസ്ഥാനമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവിന്റെ മരണശേഷം സ്ത്രീകളുടെ വളകൾ പൊട്ടിക്കൽ, സിന്ദൂരം മായ്ക്കൽ, കാൽവിരൽ മോതിരങ്ങൾ ഊരിമാറ്റൽ തുടങ്ങിയ ആചാരങ്ങൾ അവസാനിപ്പിക്കാൻ ഗ്രാമസഭകൾ പ്രമേയം പാസാക്കണം. സാമൂഹികവും മതപരവുമായ ഒത്തുചേരലുകളിൽ വിധവകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരണം -സിൻജാദെ കൂട്ടിച്ചേർത്തു.

രാജ്യത്ത് ആദ്യമായി വിധവകൾക്കെതിരായ വിവേചനപരമായ ആചാരങ്ങൾ നിരോധിക്കുന്ന പ്രമേയം പാസാക്കിയത് മഹാരാഷ്ട്രയിലെ കൊൽഹാപൂർ ജില്ലയിലെ ഹെർവാഡ് ഗ്രാമമാണ്. നിരവധി ഗ്രാമസഭകൾ ഈ മാതൃക പിന്തുടർന്ന് പിന്നീട് രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Maharashtra activist urges villages to allow widows to hoist Flag in Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.