മറുപടി ഒന്നും കിട്ടിയില്ല; മോദിക്ക് വീണ്ടും കത്തയച്ച് മമത

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേരത്തെ മമത മോദിക്ക് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിരുന്നു. എന്നാല്‍ ആ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കത്തയച്ചിരിക്കുന്നത്. ആഗസ്റ്റ് 22ന് അയച്ച കത്തിന് മറുപടി നല്‍കാത്തതില്‍ മമത നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

'ബലാത്സംഗ സംഭവങ്ങളില്‍ കര്‍ശനമായ കേന്ദ്ര നിയമനിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെക്കുറിച്ചും ആഗസ്റ്റ് 22ന് ഞാന്‍ താങ്കള്‍ക്ക് അയച്ച കത്ത് ഓര്‍മയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തില്‍ താങ്കളില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല.'- മമത കത്തിൽ സൂചിപ്പിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. 88 അതിവേഗ പ്രത്യേക കോടതികള്‍ക്കും 62 പോക്‌സോ നിയുക്ത കോടതികള്‍ക്കും പുറമേ പത്ത് പോക്‌സോ കോടതികള്‍ ബംഗാളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കോടതികളിലേക്ക് സ്ഥിരം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മോദി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മമത മോദിക്ക് അയച്ച കത്തില്‍ രാജ്യത്ത് പ്രതിദിനം 90 ബലാത്സംഗം നടക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.

അതേസമയം കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിതയില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ ദേവി നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നു. ബലാത്സംഗക്കേസ് പരിഗണിക്കാന്‍ ബംഗാളിന് 123 അതിവേഗ കോടതി അനുവദിച്ചിട്ടുണ്ടെന്നും അതില്‍ പലതും പ്രവര്‍ത്തനമാരംഭിച്ചില്ലെന്ന് അന്നപൂര്‍ണ ദേവി മറുപടി നല്‍കി.

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തിന് രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.ആഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള്‍ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

Tags:    
News Summary - Mamata Banerjee again writes to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.