ഒടുവിൽ ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ മമത അംഗീകരിച്ചു; പൊലീസ് കമ്മീഷണറെ നീക്കം ചെയ്യും

കൊൽക്കത്ത: ഒടുവിൽ സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾക്ക് വഴങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കൗസ്തവ് നായിക്, ആരോഗ്യ വകുപ്പ് ഡയറക്ടർ ദേബാശിഷ് ഹൽദാർ എന്നിവരെ നീക്കണമെന്നതുൾപ്പെടെയുള്ള സമരക്കാരുടെ നിർദേശങ്ങളാണ് സർക്കാർ അംഗീകരിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചതിനു പിന്നാലെ വിവിധ വകുപ്പുകളിൽ കൂട്ടനടപടിയും തുടങ്ങി. കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ളവരെ നീക്കാനാണ് മമത ഉത്തരവിട്ടിരിക്കുന്നത്. വിനീത് ഗോയലിനും ഡെപ്യൂട്ടി കമ്മീഷണർക്കുമെതിരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബം കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.

നേരത്തേയും സമരക്കാർ ഇവരെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് പുറത്താക്കുന്നതിന് പകരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയായിരുന്നു സർക്കാർ. ഡോക്ടർമാരുടെ പണിമുടക്ക് ആരോഗ്യ​മേഖലയെ സ്തംഭിപ്പിച്ച സാഹചര്യത്തിലാണ് പ്രതിഷേധക്കാർക്ക് മുന്നിൽ മമത മുട്ടുമടക്കിയത്. സമരക്കാരുമായി നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് മമത തീരുമാനമെടുത്തത്. നാലു ആവശ്യങ്ങളാണ് ​പ്രധാനമായും ഡോക്ടർമാർ മുന്നോട്ട് വെച്ചത്. അതിലൊന്ന് സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണം എന്നതാണ്. കേസിൽ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. അതിനിടെ, ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽ നിന്ന് പിന്നാക്കം പോയാൽ പ്രതിഷേധം പുനരാരംഭിക്കുമെന്നും ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിനു പിന്നാലെ ആരംഭിച്ച പണിമുടക്കു സമരത്തിൽനിന്ന് പിന്നോട്ടുപോകാൻ 37 ദിവസം പിന്നിട്ടിട്ടും ജൂനിയർ ഡോക്ടർമാർ തയാറായിരുന്നില്ല. ഒടുവിൽ സമരപ്പന്തലിലെത്തി മുഖ്യമന്ത്രി തന്നെ അനുനയനീക്കങ്ങൾക്കു നേതൃത്വം നൽകി. ഒടുവിലാണ് ഇന്നലെ മമത വിളിച്ച യോഗത്തിൽ ഡോക്ടർമാർ പങ്കെടുത്തത്. അതേസമയം, ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Mamata Banerjee agrees to doctors' demands, announces removal of Kolkata top cop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.