റായ്പൂർ: കഴിഞ്ഞ മാസം നാഗ്പൂരിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വ്യാജ ബോംബ് മുന്നറിയിപ്പ് പങ്കുവെച്ചതിന് അറസ്റ്റിലായയാൾ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനാണെന്ന് പൊലീസ്. നാഗ്പൂരിൽ നിയമിതനായ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഐ.ബി ഉദ്യോഗസ്ഥനായ അനിമേഷ് മണ്ഡൽ (44) ആണ് അറസ്റ്റിലായത്. എന്നാൽ, മണ്ഡൽ നിരപരാധിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഫൈസൽ റിസ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമം,187 യാത്രക്കാരുമായി വിമാനം അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതമാക്കി തെറ്റായ വിവരങ്ങൾ നൽകിയെന്ന് പറഞ്ഞ റായ്പൂർ പൊലീസ് ഇയാളുടെ അറസ്റ്റിനെ ന്യായീകരിച്ചു.
നവംബർ 14ന് ഇൻഡിഗോ വിമാനം പറന്നുയർന്നതിനുശേഷം വിമാനത്തിൽ ബോംബുണ്ടെന്ന് മണ്ഡൽ ജീവനക്കാരോട് പറഞ്ഞിരുന്നു. വിമാനം റായ്പൂരിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിൽ വിവരം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. ബി.എൻ.എസ് 351 (4) പ്രകാരം അജ്ഞാത ആശയവിനിമയത്തിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, 1982 ലെ സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്‌ടിലെ നിയമവിരുദ്ധമായ പ്രവൃത്തികൾ അടിച്ചമർത്തൽ വകുപ്പുകൾ പ്രകാരമാണ് മണ്ഡലിനെ റായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ഡൽ വിമാനത്തിൽ കയറിയതിനുശേഷം ഒരു ബോംബിനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സോഴ്സിൽനിന്ന് ലഭിച്ചുവെന്നാണ് അഭിഭാഷകൻ റിസ്‌വി പറയുന്നത്. എന്തുകൊണ്ടാണ് ഇയാൾ ഐ.ബി ഉദ്യോഗസ്ഥനാണെന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഉടൻ വെളിപ്പെടുത്താതിരുന്നതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഭിഭാഷകൻ ചോദിച്ചു.
ഇയാളെ കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ പൊലീസ് ഐ.ബിയെ വിവരമറിയിച്ചതായും ലോക്കൽ പൊലീസിന്റെയും ഐ.ബിയുടെയും സംയുക്ത സംഘം ചോദ്യം ചെയ്തപ്പോൾ പങ്കുവെച്ച വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് റായ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറയുന്നത്. അതിനാൽ നിയമപ്രകാരമാണ് അറസ്റ്റെന്നും എസ്.പി പറഞ്ഞു. മണ്ഡലിന്റെ പ്രവൃത്തി പരിഭ്രാന്തി സൃഷ്ടിച്ചു. അത് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിനെതിരായ നിയമവിരുദ്ധമായ പ്രവൃത്തികൾ അടിച്ചമർത്തൽ പ്രകാരം ഒരു വ്യക്തിയെ പ്രത്യേക കോടതിക്ക് മാത്രമേ വിചാരണ ചെയ്യാൻ കഴിയൂവെന്നും ഛത്തീസ്ഗഢിൽ അത്തരമൊരു നിയുക്ത കോടതി ഇല്ലെന്നും അഭിഭാഷകൻ റിസ്വി അവകാശപ്പെട്ടു. അത്തരം കേസുകൾ കേൾക്കാൻ അധികാരമുള്ള ഹൈകോടതിയെ സമീപിക്കുമെന്നും ജാമ്യം തേടുമെന്നും റിസ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.