ആദിവാസികളെ കൊന്ന ആസിഫാബാദിലെ നരഭോജി വീണ്ടും വേട്ടക്കിറങ്ങി; മുന്നറിയിപ്പുമായി വനം വകുപ്പ്​

ഹൈദരാബാദ്​: തെലങ്കാനയിലെ കോമരം ഭീം ആസിഫാബാദ്​ ജില്ലയിൽ രണ്ട്​ ആദിവാസി കുട്ടികളെ കൊന്ന കടുവ അതേവനത്തിൽ തിരിച്ചെത്തിയത്​ പ്രദേശവാസികളെ ഭീതിയിലാഴ്​ത്തിയിരിക്കുകയാണ്​. കഴിഞ്ഞ വർഷം നവംബറിലായിരുന്നും സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്​. ആദിവാസികളായ യുവാവിനെയും യുവതിയെയും മൂന്നാഴ്​ച്ചക്കിടെയായിരുന്നു കടുവ ആക്രമിച്ച്​ കൊന്ന്​ ഭക്ഷിച്ചത്​​.

ബുധനാഴ്ച പുലർച്ചെ മുതൽ ദാഹെഗാവ് ബ്ലോക്കിലെ രാംപൂർ വനമേഖലയിൽ കടുവയെ വീണ്ടും കാണപ്പെട്ടതായി ആദിവാസികളാണ്​ വനം വകുപ്പ്​ അധികൃതരെ വിവരമറിയിച്ചത്​. പ്രണാഹിത നദീതീരത്തുള്ള കമ്മരഗാവ് ഗ്രാമത്തിന് സമീപത്തുവെച്ച്​ കന്നുകാലികളെ ആക്രമിച്ചതായും അവർ പറഞ്ഞു. ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ പതിഞ്ഞ കടുവയുടെ കാൽപാദങ്ങൾ നിരീക്ഷിച്ച വനം വകുപ്പ്​ നവംബറിൽ സമീപ പ്രദേശങ്ങളിൽ രണ്ട് പേരെ കൊന്ന് മഹാരാഷ്ട്രയിലെ വനങ്ങളിലേക്ക് ഒാടിമറഞ്ഞ അതേ ആൺ കടുവയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്​.

നവംബർ 11 ന് ദിഗഡ ഗ്രാമത്തിൽ 20 കാരനായ സിദം വിഘ്‌നേഷിനെ കൊലപ്പെടുത്തി, മാംസം ഭക്ഷിച്ച ശേഷം കാട്ടിലേക്ക് അപ്രത്യക്ഷമായ കടുവ നവംബർ 29 ന് പെൻ‌ചിക്കൽ‌പേട്ട് ബ്ലോക്കിലെ മന്നേവാഡയിലുള്ള കുഗ്രാമത്തിലെ പസുല നിർമ്മല എന്ന 19 കാരിയെയും കൊലപ്പെടുത്തുകയായിരുന്നു.

'അതെ, ആ നരഭോജി വീണ്ടും ആസിഫാബാദ്​ വനങ്ങളിലേക്ക്​ തിരികെ വന്നിട്ടുണ്ട്​. കഴിഞ്ഞ തവണ പിടികൂടാൻ ഞങ്ങൾ സ്ഥാപിച്ചിരുന്ന എല്ലാ കെണികളിൽ നിന്നും രക്ഷപ്പെട്ട് അവൻ മഹാരാഷ്ട്ര വനങ്ങളിലേക്ക് ഒാടിമറഞ്ഞു. രണ്ടുമാസത്തിനുശേഷം ഇതാ വീണ്ടും പ്രത്യക്ഷപ്പെട്ടു, "ജില്ലാ വനം ഓഫീസർ എസ് ശാന്താറാം പറഞ്ഞു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻ‌ടി‌സി‌എ) മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്കനുസൃതമായി ഞങ്ങൾ‌ വീണ്ടും കെണി സ്ഥാപിച്ചിട്ടുണ്ട്​. ഇതിനകം അവൻ മനുഷ്യ മാംസം രുചിച്ചതിനാൽ, തീർച്ചയായും മനുഷ്യവാസ കേന്ദ്രങ്ങൾക്ക് അപകടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അധികൃതർ കാടുകൾക്ക് സമീപമുള്ള എല്ലാ കുഗ്രാമങ്ങളിലെയും ഗോത്രവർഗക്കാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കന്നുകാലികളെ മേയാനോ വന ഫലങ്ങൾ ശേഖരിക്കാനോ വനങ്ങളിൽ ഇറങ്ങരുതെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - Man-eater killed 2 tribals in Telanganas Kumaram Bheem resurfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.