ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു സംഘം അക്രമികൾ ചേർന്ന് യുവാവിനെ നടുറോഡിലിട്ട് കുത്തി കൊന്നു. ഞായറാഴ്ച ഉച്ചക്ക് നഗരത്തിൽ ആളുകൾ നോക്കിനിൽക്കെയാണ് സംഭവം. അക്രമികൾ യുവാവിനെ ആയുധമുപയോഗിച്ച് കുത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. സാജിദ് എന്നയാളാണ് മരിച്ചത്.
കുത്തി പരിക്കേൽപിച്ചതിന് ശേഷം സംഘം തിരിച്ച് പോകാനൊരുങ്ങവെ യുവാവ് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട അക്രമികളിലൊരാൾ തിരിച്ചുവന്ന് വീണ്ടും പ്രഹരമേൽപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവ സ്ഥലത്ത് വഴിയാത്രക്കാർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സാജിദ് കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് ബന്ധുക്കളുമായി വഴക്കിലേർപ്പെട്ടിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ബന്ധുക്കളാണെന്ന് സംശയിക്കുന്നതായും പിതാവ് പറഞ്ഞു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സാജിദിനെ ആശുപത്രിയിലെത്തിച്ച സമയം കൊണ്ട് അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.