ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ കുക്കി-മെയ്തേയ് സംഘടന പ്രതിനിധികളെ ഒരുമിച്ചിരുത്തി ചർച്ച നടത്തി കേന്ദ്ര സർക്കാർ. ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു ചർച്ച. ഇരു സമുദായങ്ങളുടെയും സഹകരണവും വിശ്വാസ്യതയും വർധിപ്പിച്ചു മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ചർച്ചയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് അനുമതി തേടിയുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചു സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ മെയ്തേയ്-കുക്കി സംഘടനകളുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒരു സംയുക്ത ചർച്ചകൂടി ഉടൻ നടത്തുമെന്ന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ എ.കെ. മിശ്രയുടെ മധ്യസ്ഥതയിൽ ചർച്ച നടന്നത്. മെയ്തേയ് വിഭാഗത്തൽപ്പെട്ട ‘ഓൾ മണിപ്പൂർ യുനൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ’, ‘ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ’ എന്നീ സംഘടനകളിൽനിന്നുള്ള ആറു പ്രതിനിധികളും കുക്കി സമുദായത്തിൽനിന്നുള്ള ഒമ്പത് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
മണിപ്പൂരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് പാർലമെന്റിനെ അറിയിച്ചുള്ള പ്രമേയം ലോക്സഭയിൽ വ്യാഴാഴ്ച പുലർച്ചയും രാജ്യസഭയിൽ വെള്ളിയാഴ്ച പുലർച്ചയുമാണ് അമിത് ഷാ അവതരിപ്പിച്ചത്. ഭരണഘടനയുടെ 356ാം അനുച്ഛേദം അനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാൽ രണ്ടുമാസത്തിനുള്ളിൽ പാർലമെന്റിന്റെ ഇരു സഭകളും അംഗീകരിക്കണമെന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.