മുംബൈ: മലയാളികൾ ഉൾപ്പെടെ വിദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ സംവിധാനങ്ങൾ വഴി പണംതട്ടുന്നുവെന്ന ആരോപണത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം.
എയർ ഇന്റലിജൻസ് യൂനിറ്റിലെയും കസ്റ്റംസ് ക്ലിയറൻസ് വിഭാഗത്തിലെയും 27 കസ്റ്റംസ് സൂപ്രണ്ടുമാർ, ഏഴ് കസ്റ്റംസ് ഉദ്യോഗസ്ഥർ, മൂന്ന് ഹെഡ് ഹവിൽദാർമാർ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി സ്ഥലംമാറ്റിയത്. സ്വർണക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് കള്ളക്കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടുന്നു എന്നും ആരോപണമുണ്ട്.
യാത്രക്കാരുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ സി.ബി.ഐ, കസ്റ്റംസ് സൂപ്രണ്ട് അലോക് കുമാറിനെ അറസ്റ്റ് ചെയ്യുകയും മറ്റു രണ്ടു സൂപ്രണ്ടുമാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
മറ്റു 30ഓളം ഉദ്യോഗസ്ഥരും 10 കയറ്റിറക്ക് ജീവനക്കാരും പണംതട്ടുന്ന റാക്കറ്റിന്റെ ഭാഗമാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ആളുകളെ ഭീഷണിപ്പെടുത്തി പണം കയറ്റിറക്ക് ജീവനക്കാരുടെ ഗൂഗ്ൾ പേ അക്കൗണ്ടിലേക്ക് നിക്ഷേപിപ്പിക്കുന്നതാണ് രീതി. ഇത്തരത്തിൽ ലക്ഷങ്ങളുടെ വരവാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ സി.ബി.ഐ കണ്ടെത്തിയത്.
പണം അയക്കാൻ യാത്രക്കാരന്റെ മൊബൈലിൽ നെറ്റ്വർക്ക് ഇല്ലെങ്കിൽ ഹോട്ട്സ്പോട്ട് നൽകിയാണ് ഉദ്യോഗസ്ഥർ പണം പിഴിയുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.