ബർഖ ദത്തിനെതിരെ വ്യാജ വാർത്തക്ക് കേസെടുക്കും -കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ച മാധ്യമപ്രവർത്തക ബർഖ ദത്തിനെതിരെ പൊലീസ്. ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം അക്രമികൾ ആശുപത്രി അടിച്ചു തകർത്തിരുന്നു. ഇതിന്‍റെ വിഡിയോ ബർഖ ദത്ത് എക്സിൽ പങ്കുവെച്ചിരുന്നു.

ബലാത്സംഗവും കൊലപാതകവും നടന്ന ആർ.ജി കർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം അക്രമാസക്തരായ ജനക്കൂട്ടം നശിപ്പിച്ചു. പൊലീസ് ഞങ്ങളെ സഹായിക്കാൻ ഒന്നും ചെയ്തില്ല എന്ന് ഒന്നിലധികം ഡോക്ടർമാരോട് എന്നോട് പറഞ്ഞു. -എന്ന അടിക്കുറിപ്പോടെയായിരുന്നു ദൃശ്യങ്ങൾ ബർഖ പങ്കുവെച്ചത്.

എന്നാൽ ഈ പോസ്റ്റിന് മറുപടിയായി, മാധ്യമപ്രവർത്തക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കൊൽക്കത്ത പൊലീസ് പ്രതികരിച്ചു. ക്രൈം ഓഫ് സീൻ സെമിനാർ റൂമാണ്. അത് കേടുകൂടാതെ ഇരിക്കുന്നുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും -കൊൽക്കത്ത പൊലീസ് അറിയിച്ചു.

നാല്‍പതംഗ സംഘം ഇന്നലെയാണ് ആശുപത്രിയുടെ ചില ഭാഗങ്ങൾ അടിച്ചു തകർത്തത്. അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കല്ലേറിൽ പൊലീസുകാർക്കും ഡോക്ടർമാർക്കും പരിക്കേറ്റു. സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാറിനും പൊലീസിനുമെതിരെ വിമർശനമുയർന്നിട്ടുണ്ട്.

കൊൽക്കത്ത ഹൈകോടതി കേസ് സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. പ്രതി സഞ്ജയ് റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ സെമിനാര്‍ ഹാളിലെ പോഡിയത്തില്‍ നിന്നാണ് 28കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് ഒതുക്കിത്തീർക്കാനാണ് ആശുപത്രി അധികൃതര്‍ ആദ്യം ശ്രമിച്ചത്. പിന്നീട് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവെക്കുകയും, മെഡിക്കൽ സൂപ്രണ്ട് സഞ്ജയ് വസിസ്തയെ തൽസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Kolkata Police threaten legal action against Barkha Dutt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.