‘എന്റെ മോനെവി​ടെ? നീതി കിട്ടാൻ ഞാൻ ജീവൻ ​വരെ നൽകും’ -ബംഗ്ലാദേശിൽ ഹിന്ദു പിതാവിന്റെ പ്രതിഷേധം എന്ന പേരിൽ ഇന്ത്യയിൽ വ്യാജ പ്രചാരണം

‘എന്റെ മോൻ എവിടെ, എന്റെ കുട്ടിക്ക് നീതികിട്ടണം. അതിന് വേണ്ടി ഞാൻ എന്റെ ജീവൻ വരെ നൽകാം... എന്റെ കുട്ടിയെ അന്വേഷിച്ച് വാതിലുകളെല്ലാം കയറിയിറങ്ങി.. പക്ഷേ ആരും എന്നെ ശ്രദ്ധിക്കുന്നില്ല’ -കാണാതായ മകന്റെ ചിത്രംപതിച്ച പോസ്റ്ററുമായി തെരുവിൽ പ്രതിഷേധിക്കുന്ന ഒരുപിതാവിന്റെ രോദനമാണിത്. യൂണിഫോം ധരിച്ച സൈനികരും മറ്റും ഇയാൾക്ക് ചുറ്റുമുണ്ട്. ബംഗാളി ഭാഷയിലാണ് വൃദ്ധൻ ത​ന്റെ ആവലാതി പറയുന്നത്. വർഗീയതയുടെ വിഷവിത്തുകൾ ഒളിപ്പിച്ച് ഇന്ത്യയിലെ ഒരുകൂട്ടം മാധ്യമങ്ങളും തീവ്രഹിന്ദുത്വ സമൂഹമാധ്യമ അക്കൗണ്ടുകളും ഈ വിഡിയോ ഉപയോഗിച്ച് വ്യാജപ്രചാരണം അഴിച്ചുവിട്ടു.





വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് പലായനം ചെയ്ത ബംഗ്ലാദേശിൽ കാണാതായ മകനെ തിരയുന്ന ഹിന്ദു പിതാവിന്റെ പ്രതിഷേധം എന്ന നിലയിലാണ് ഇവർ ഇത് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാന വാർത്താ ഏജൻസിയായ എ.എൻ.​ഐ അടക്കം ഈ വിഡിയോ ഇതേ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു. ജാഗരൺ, ഹിന്ദുസ്ഥാൻ, എൻ.ഡി.ടി.വി ഇന്ത്യ, മിറർ നൗ തുടങ്ങിയ മാധ്യമങ്ങളും ചാനലുകളും ഇതേറ്റുപിടിച്ചു.

പതിവുപോലെ നിരവധി വിദ്വേഷ പ്രചാരണ അക്കൗണ്ടുകൾ മുസ്‍ലിം വിരുദ്ധ കുറിപ്പുകൾ ചേർത്ത് ഈ വിഡിയോ ചൂടപ്പം പോലെ പങ്കുവെച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇത് കാണുകയും വിദ്വേഷ കമന്റുകൾ എഴുതുകയും ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ, ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വിഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തുവന്നതോടെ, എ.എൻ.ഐ തെറ്റ് ഏറ്റുപറഞ്ഞു. ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഈ വിഡിയോ വർഗീയ കമന്റുകളോടെ നിരവധി പേർ പ്രചരിപ്പിക്കുന്നുണ്ട്.

എന്താണ് യാഥാർഥ്യം?

വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ ബംഗ്ലാദേശിലുടനീളം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ മകനെ മുസ്‍ലിംകൾ തട്ടിക്കൊണ്ടുപോയത് എന്നാണ് പ്രചാരണം. ബംഗ്ലാദേശിൽ കാണാതായ തന്റെ മകന് നീതിക്കായി നിസ്സഹായനായ ഒരു ഹിന്ദു പിതാവിന് റോഡിൽ കേഴുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന അടിക്കുറിപ്പോടെ BALA (@erbmjha) എന്ന ട്വിറ്റർ ഉപയോക്താവ് ഇത് പങ്കു​വെച്ചു. ഈ ട്വീറ്റ് 10 ലക്ഷത്തിലധികം പേരാണ് ഇതനകം കണ്ടത്. 6300ലധികം പേർ റീട്വീറ്റ് ചെയ്ത വിഡിയോ ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ അവിടെ കിടക്കുന്നുമുണ്ട്. @MrSinha_, @VIKRAMPRATAPSIN, @RealBababanaras തുടങ്ങിയ നിരവധി ഉപയോക്താക്കളും ഇതേ അവകാശവാദത്തോടെ വൈറൽ വിഡിയോ പങ്കിട്ടു.

“ഈ വ്യക്തി ന്യൂനപക്ഷ ഹിന്ദു സമുദായത്തിൽ നിന്നുള്ള ആളല്ലാത്തതിനാൽ ചുവടെയുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു, പിശക് പറ്റിയതിൽ ഖേദിക്കുന്നു" എന്ന കുറിപ്പോടെയാണ് എ.എൻ.ഐ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ശൈഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി അധികാരത്തിലിരുന്നപ്പോൾ കാണാതായ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നടത്തിയ പ്ര​ക്ഷോഭത്തിൽനിന്നാണ് ഈ വിഡിയോ എന്ന് വ്യക്തമായി. ബാബുൽ ഹൗലാദാർ എന്നയാളാണ് വിഡിയോയിലുള്ള വൃദ്ധൻ. 2013 ജനുവരി 10മുതൽ കാണാതായ മുഹമ്മദ് സുന്നി ഹൗലാദാർ എന്ന തന്റെ മകന്റെ ചിത്രമാണ് ഇദ്ദേഹത്തിന്റെ കൈയിലുള്ളത്. ശൈഖ് ഹസീന അധികാരത്തിലിരുന്നപ്പോൾ പ്രതിപക്ഷ പാർട്ടിയായിരുന്ന ബി.എൻ.പിയുടെ അനുഭാവിയായിരുന്നു മകൻ.

‘കാണാതായ ഞങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരിക, രഹസ്യ തടങ്കൽ കേന്ദ്രങ്ങൾ ഇല്ലാതാക്കുക’ എന്നാവശ്യപ്പെട്ട് അവാമി ലീഗ് ഭരണകാലത്ത് കാണാതായവരുടെ കുടുംബാംഗങ്ങൾ റോഡ് ഉപരോധിച്ചതാണ് സംഭവം. ഇന്ത്യയിൽ പ്രചരിക്കുന്ന വിഡിയോയിലുള്ള മുസ്‍ലിം വൃദ്ധൻ തൊപ്പി ധരിച്ച് സമരത്തിലിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഈസമരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് വാർത്താ മാധ്യമമായ Barta24 ഫേസ്ബുക്ക് ലൈവ് പോസ്റ്റിട്ടതായും ആൾട്ട് ന്യൂസ് കണ്ടെത്തി. ആരുടെ ചിത്രമാണ് കൈയിലുള്ളതെന്നും എങ്ങനെയാണ് കാണാതായെന്നും റിപ്പോർട്ടർ ഈവിഡിയോയുടെ 1:45 മിനിട്ടിൽ വൃദ്ധനോട് ചോദിക്കുന്നുണ്ട്. “ഞാൻ ബാബുൽ ഹൗലാദാർ. ഇത് എന്റെ മൂത്ത മകൻ മുഹമ്മദ് സുന്നി ഹൗലാദാർ. കൂലിപ്പണിക്കാരനും ബിഎൻപി അനുഭാവിയുമായിരുന്ന മകനെ 2013 ജനുവരി 10-ന് പിടിച്ചുകൊണ്ടുപോയി. അന്നു മുതൽ കാണാനില്ല. ഇത് സംബന്ധിച്ച് വർഷങ്ങളായി പരാതി നൽകാൻ പലയിടത്തും കയറിയിറങ്ങിയെങ്കിലും നടപടിയായില്ല. ഇളയ മകനെയും സമാനമായ രീതിയിൽ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു’ -അദ്ദേഹം പറഞ്ഞു.

Full View

മുൻ ഭരണകൂടം അജ്ഞാത കേന്ദ്രങ്ങളിൽ തടങ്കലിലടച്ച നിരവധി ആളുകളുടെ കുടുംബാംഗങ്ങൾ ആഗസ്ത് 13ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഹാരെ റോഡിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിന് മുന്നിൽ കാണാതായവരുടെ ചിത്രങ്ങളും ബാനറുകളും സഹിതം നടത്തിയ സമരത്തിന്റേതാണ് ദൃശ്യങ്ങൾ. ഇതുസംബന്ധിച്ച് ആഗസ്ത് 14 ന് പ്രമുഖ ബംഗാളി മാധ്യമമായ ‘പ്രോതോം അലോ’ വാർത്ത നൽകിയിട്ടുണ്ട്. കാണാതായവർക്ക് നീതി ഉറപ്പാക്കണമെന്ന് പ്രഫ. മുഹമ്മദ് യൂനുസിനോട് ആവശ്യപ്പെട്ടതായും വാർത്തയിൽ പറയുന്നുണ്ട്. ഈ വയോധികന്റെ ചിത്രമാണ് ഒപ്പം നൽകിയിരിക്കുന്നത്. 

Tags:    
News Summary - Bangladeshi man in search of his son: False ‘Hindu’ claim by ANI triggers misinformation, media misreports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.