ന്യൂഡൽഹി: തുടർച്ചയായ 15 വർഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച് രാജ്യതലസ്ഥാനത്തെ നഗരസഭ ഭരണം ആം ആദ്മി പാർട്ടി കൈയടക്കി. 250ൽ 134 സീറ്റും ആപിന്. നിയമസഭക്കൊപ്പം ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ആപ് വിജയക്കൊടി പാറിച്ചത് ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത തിരിച്ചടിയായി.
മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയതിനുശേഷം നടക്കുന്ന ആദ്യം തെരഞ്ഞെടുപ്പിലാണ് ആപിന്‍റെ ചരിത്രവിജയം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിനേക്കാൾ 90 സീറ്റുകൾ അധികം ആപ് നേടി. 103 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ദുർബലരായ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വീണ്ടും നഷ്ടമായി. 19 സീറ്റുകളിൽനിന്ന് ഒമ്പതിലേക്ക് ചുരുങ്ങി. സ്വതന്ത്രർ മൂന്ന് സീറ്റ് നേടി.
ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പേ വിജയാഘോഷവുമായി പാർട്ടി ഓഫിസിന് മുന്നിൽ ഒത്തുകൂടിയ പ്രവർത്തകരെ ആപ് അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, രാജ്യസഭ എം.പി സഞ്ജയ് സിങ്, ഡൽഹി ഗതാഗതമന്ത്രി ഗോപാൽ റായ് തുടങ്ങിയ നേതാക്കൾ അഭിവാദ്യം ചെയ്തു.
അഴിമതി തുടച്ചുനീക്കാനും ഡൽഹിയെ മാലിന്യമുക്തമാക്കാനുമുള്ള ശ്രമംതുടരുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും മോശവുമായ പാർട്ടിയെ ആണ് തോൽപിച്ചതെന്ന് ആപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
തോൽവി വിലയിരുത്താൻ ബി.ജെ.പി ബുധനാഴ്ച വൈകീട്ട് അടിയന്തര യോഗംചേർന്നു. തെരഞ്ഞെടുപ്പ് ഫലം നിരാശജനകമാണെന്നും പാർട്ടി ആത്മപരിശോധന നടത്തണമെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
രാവിലെ തപാൽവോട്ടുകൾ എണ്ണിയപ്പോൾ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം. സർക്കാർജീവനക്കാർ ബി.ജെ.പിയുടെ പ്രതികാരം ഭയന്ന് അവർക്ക് വോട്ടുചെയ്യുകയാണ് ഉണ്ടായതെന്നും സാധാരണക്കാർ പാർട്ടിയോടൊപ്പം നിന്നുവെന്നും ആപ് കൺവീനർ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
70 സീറ്റിൽ 62ഉം നേടി ഡൽഹി ഭരിക്കുന്ന ആപിന് കോർപറേഷൻ ഭരണം കൂടി പിടിച്ചെടുക്കുക എന്നത് അഭിമാനപ്രശ്നം കൂടിയായിരുന്നു. ഭരണം നിലനിർത്താൻ കേന്ദ്രമന്ത്രിമാരെയടക്കം രംഗത്തിറക്കിയായിരുന്നു ബി.ജെ.പി പ്രചാരണം. ഡൽഹിയുടെ വികസനവും നഗരത്തെ മാലിന്യമുക്തമാക്കലും പ്രചാരണവിഷയമാക്കിയ ആപിനെ ജനങ്ങൾ സ്വീകരിക്കുകയായിരുന്നു.
പാർലമെന്‍റിൽ പ്രതിപക്ഷ എതിർപ്പ് മറികടന്ന് കഴിഞ്ഞ മേയിലാണ് കേന്ദ്രസർക്കാർ സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി എന്നീ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭേദഗതി ബില്‍ 2022 പ്രകാരം ലയിപ്പിച്ച് ഒന്നാക്കിയത്. മൂന്ന് കോർപറേഷനുകളായിരുന്നപ്പോൾ ഉണ്ടായിരുന്ന 272 സീറ്റുകൾ ലയിപ്പിച്ചപ്പോൾ 250 സീറ്റുകളായി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനമായിരുന്നു പോളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.