മീററ്റ്: ഗ്രിഗറി റെയ്മണ്ട് റാഫേൽ ആ ദിവസം കൃത്യമായി ഓർക്കുന്നുണ്ട്. 1997 ഏപ്രിൽ 23നാണ് തന്‍റെ ഭാര്യ സോജ രണ്ട് കൺമണികൾക്ക് ജന്മം നൽകിയത്. ഇരട്ടകളായ തന്‍റെ പൊന്നോമനകൾക്ക് ദമ്പതികൾ ജോഫ്രഡ് വർഗീസ് ഗ്രിഗറിയെന്നും റാൽഫ്രഡ് ജോർജ് ഗ്രിഗറിയെന്നും പേരിട്ടു. മൂന്ന് മിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും ജനനം.
ചെറുപ്പം മുതൽക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരൻമാരെ ആർക്കും വേർപ്പെടുത്താൻ ആകുമായിരുന്നില്ല. പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്പ്യൂട്ടർ എൻജിനിയറിങ്ങിലാണ് തങ്ങളുടെ ഭാവി കണ്ടത്. ഹൈദരാബാദിൽ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രിൽ 24ന് മഹാമാരി പിടിെപട്ട ഇരുവരും മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ മരണത്തിലും ഒരുമിച്ചു.
'ഒരാൾക്ക് എന്താണോ സംഭവിക്കുന്നത് അത് തന്നെ മറ്റവനും സംഭവിക്കുമായിരുന്നു. ജനനം മുതൽ അത് അങ്ങനെയാണ്. ജോഫ്രഡ് മരിച്ചുവെന്ന വിവരം കേട്ടയുടൻ ഞാൻ ഭാര്യയോട് പറഞ്ഞു. റാൽഫ്രഡ് ഒരിക്കലും ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി വരില്ല. അവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മേയ് 13നും മേയ് 14നുമായി മരിച്ചു' -പിതാവ് റാഫേൽ പറഞ്ഞു.
'അവർ ഞങ്ങൾക്കായി പല പദ്ധതികളും ഒരുക്കി വെച്ചിരുന്നു. ഞങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകണമെന്ന് അവർ ആഗ്രഹിച്ചു. അധ്യപകരായിരുന്ന ഞങ്ങൾ അവരെ വളർത്തികൊണ്ടുവരാൻ ഒരുപാട് പാടുപെട്ടു എന്ന് കണ്ടാണ് പണം മുതൽ സന്തോഷം വരെ തിരികെ നൽകാൻ അവർ ആഗ്രഹിച്ചത്. ജോലി തേടി കൊറിയയിലോ ജർമനിയിലോ പോകണമെന്ന് അവർ പദ്ധതിയിട്ടിരുന്നു. എന്തിനാണ് ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല' -റാഫേൽ പറഞ്ഞു. ഇരുവരെയും കൂടാതെ ദമ്പതികൾക്ക് നെൽഫ്രെഡ് എന്ന് പേരുള്ള മകനും കൂടിയുണ്ട്.
വിവാഹ ശേഷം 1990കളിൽ ഭാര്യയോടൊപ്പം കേരളത്തിലുണ്ടായിരുന്ന റാഫേൽ ശേഷം മീററ്റിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഏപ്രിൽ 23നാണ് മക്കൾക്ക് കോവിഡ് ബാധിച്ചത്. കുറച്ച് ദിവസം വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. എന്നാൽ മേയ് ഒന്നോടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഇരുവരെയും ആനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആേരാഗ്യനില കൂടുതൽ വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തി പോന്നത്.
മേയ് 10ന് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ കുടുംബം അൽപം പ്രതീക്ഷയിലായിരുന്നു. 'മൂന്ന് ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. ജോഫ്രഡ് പോയതിനാൽ റാൽഫ്രഡിന് മടങ്ങി വരാനാകില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു. കാരണം അവർക്ക് പിരിഞ്ഞിരിക്കാൻ ആകില്ലല്ലോ'-പിതാവ് പറഞ്ഞു.
കോയമ്പത്തൂരിലെ കാരുണ്യ യൂനിവേഴ്സിറ്റിയിലായിരുന്നു സഹോദരൻമാരുടെ ബി.ടെക് പഠനം. അവസാന വർഷത്തിൽ തന്നെ ഇരുവർക്കും ജോലിയും ലഭിച്ചു. ജോഫ്രഡിന് അസെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡിലും റാൽഫ്രഡിന് ഹ്യൂണ്ടായ് മുബിസ് കമ്പനിയിലുമാണ് ജോലി ലഭിച്ചത്. കോവിഡ് വ്യാപനം മൂലം കുറച്ചുകാലമായി ജോഫ്രഡിന് മീററ്റിലെ വീട്ടിൽ നിന്നായിരുന്നു ജോലി. എന്നാൽ കൈക്ക് പരിക്കേറ്റതിനെ തുടർന്നാണ് റാൽഫ്രഡ് ഹൈദരാബാദിലെ ഓഫിസിൽ നിന്ന് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.