സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ

'പരിവാർവാദി'നെതിരെ മോദി തള്ളിമറിച്ചു; മന്ത്രിസഭയിലെമ്പാടും മക്കൾ രാഷ്ട്രീയക്കാർ

ന്യൂഡൽഹി: മക്കൾ രാഷ്ട്രീയ (പരിവാർവാദ്)ത്തിന്റെ പേരിൽ കോൺഗ്രസും എസ്.പിയുമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും കടന്നാക്രമിക്കുന്ന നരേന്ദ്ര മോദിയുടെ മന്ത്രിപരിവാരത്തിൽ മക്കൾ രാഷ്ട്രീയക്കാരുടെ വൻനിര. ഞായറാ​ഴ്ച ചുമതലയേറ്റ മന്ത്രിമാരിൽ 15 പേരെങ്കിലും ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ കാരണവന്മാരുടെ പാരമ്പര്യവുമായി രാഷ്ട്രീയത്തിലെത്തിയവരാണ്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് കർണാടകയിലെ മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്.ഡി. കുമാരസ്വാമി. മുൻ പ്രധാനമന്ത്രി ചരൺസിങ്ങിന്റെ പേരമകനും മുൻ കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ മകനുമാണ് ജയന്ത് ചൗധരി.

കോൺ​​​ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ മകനും ആദ്യകാല ജനസംഘം-ബി.ജെ.പി നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനുമാണ് ജ്യോതിരാദിത്യ സിന്ധ്യ. പലവട്ടം കേ​ന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാൻ.

ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ മകനാണ് രാംനാഥ് താക്കൂർ. ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദ്രസിങ്ങിന്റെ മകൻ റാവു ഇന്ദ്രജീത്ത് സിങ്ങും മന്ത്രിസഭയിലുണ്ട്. തെലുഗുദേശം പാർട്ടി നേതാവും ദേവഗൗഡ, ഗുജറാൾ മന്ത്രിസഭകളിൽ അംഗവുമായിരുന്ന കെ. യേരൻ നായിഡുവിന്റെ മകനാണ് രാം മോഹൻ നായിഡു.

വാജ്പേയി മന്ത്രിസഭാംഗമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെയും മഹാരാഷ്ട്ര മുൻ എം.എൽ.എ ച​ന്ദ്രകാന്ദ ഗോയലിന്റെയും പുത്രനാണ് പീയുഷ് ഗോയൽ. വാജ്പേയിക്കുകീഴിൽ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ധർമേന്ദ്ര പ്രധാൻ.

കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിൻ പ്രസാദ. ബി.എസ്.പിയുടെ സ്ഥാപകാംഗവും അപ്നാദൾ പാർട്ടി സ്ഥാപകനുമായ സോനേലാൽ പട്ടേലിന്റെയും അപ്നാദൾ മുൻ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെയും മകളാണ് അനുപ്രിയ പട്ടേൽ. മഹാരാഷ്ട്രയിലെ മുതിർന്ന എൻ.സി.പി നേതാവ് ഏക്നാഥ് ഖദ്സേയുടെ മകന്റെ വിധവയാണ് രക്ഷാ ഖദ്സേ.

യു.പിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേ വെടിയേറ്റുമരിച്ച ഓം പ്രകാശ് പാസ്വാന്റെ മകനാണ് കമലേശ് പാസ്വാൻ. ബംഗാൾ മുൻമന്ത്രി മഞ്ജുൾ കൃഷ്ണ താക്കൂറിന്റെ മകനാണ് ശാന്തനു താക്കൂർ. അരുണാചൽ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാറുവിന്റെ മകനാണ് കിരൺ റിജിജു.

Tags:    
News Summary - Modi pushed back against Parivarvad-Children politicians all over the cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.