ചെന്നൈ: സൺഷേഡിൽ തൂങ്ങിനിൽക്കുന്ന നിലയിൽ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്പനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്. കുഞ്ഞ് സൺഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്.
തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏപ്രിൽ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സൺഷേഡിലേക്ക് വീണ സംഭവമുണ്ടായത്. തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാൽക്കണിയിൽനിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയിൽനിന്നും താഴേക്ക് വഴുതിവീഴുകയായിരുന്നു. ഒന്നാം നിലയിലെ തകിട് സൺഷേഡിൽ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും വാർത്തയാകുകയും ചെയ്തിരുന്നു. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലും സൈബർ ആക്രമണവും രമ്യക്ക് നേരിടേണ്ടിവന്നു. ഇതോടെ മാനസികമായി തളർന്ന രമ്യ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് മക്കൾക്കൊപ്പം കാരമടയിലെ സ്വന്തം വീട്ടിലെത്തി. ഇവിടെയാണ് രമ്യ ജീവനൊടുക്കിയത്.
ശനിയാഴ്ച രമ്യയുടെ മാതാപിതാക്കളും ഭർത്താവും സമീപത്തെ വിവാഹവീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.