ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് മുത്തലാഖ് രീതി ഒഴിവാക്കി, ശരീഅത്ത് അനുശാസിക്കുന്ന നടപടിക്രമങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി ഒാൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖ് പാടില്ലെന്ന് വിവാഹ സമയത്ത് വധൂവരന്മാര്ക്ക് ഖാദിമാർ ഉപദേശം നൽകും. മുത്തലാഖ് രീതി അവലംബിച്ചാൽ ‘സാമൂഹിക ബഹിഷ്കരണം’ നേരിടേണ്ടിവരുമെന്നും ബോർഡ് സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഇസ്ലാമിക നിയമത്തിൽ മുത്തലാഖ് അനഭിലഷണീയ രീതിയാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കം അന്യോന്യം പറഞ്ഞുതീർക്കണം. ഒറ്റയടിക്കുള്ള തലാഖ് നിരുത്സാഹപ്പെടുത്തുമെന്നും ഇത്തരം സംഭവങ്ങൾ കുറച്ചുകൊണ്ടുവരാൻ ‘സാമൂഹിക ബഹിഷ്കരണ’മടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഏപ്രിൽ 15, 16 തീയതികളിൽ ലഖ്നോവിൽ നടന്ന ബോർഡ് പ്രവർത്തകസമിതി മുത്തലാഖ് രീതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
വിവാഹമോചന കാര്യത്തിൽ ശരീഅത്ത് നിലപാട് വ്യക്തമാണ്. അകാരണമായി വിവാഹമോചനം നടത്താനാവില്ല. ഒറ്റയിരിപ്പിൽ മൂന്ന് തലാഖ് ചൊല്ലുന്നത് ശരിയായ മാർഗമല്ല. അത്തരം രീതികൾ ശക്തമായിതന്നെ ശരീഅത്ത് എതിർക്കുന്നുണ്ട്. അനുരഞ്ജനത്തിലൂടെ തർക്കം പരിഹരിച്ചില്ലെങ്കിൽ, രണ്ടു കുടുംബങ്ങളിൽനിന്നുള്ള മുതിർന്ന അംഗങ്ങളോ ഇരുഭാഗത്തുനിന്നുമുള്ള മധ്യസ്ഥരോ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. എന്നിട്ടും രമ്യതയിലേക്ക് വന്നിട്ടില്ലെങ്കിൽ ഒരു തവണ തലാഖ് ചൊല്ലും. തുടർന്നുള്ള ‘ഇദ്ദ ’ കാലയളവിൽ തർക്കം തീർന്നാൽ ഭാര്യയെ വീണ്ടെടുക്കാം. ഇൗ കാലയളവിൽ ഭാര്യാ ഭർതൃ ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കിൽ ദാമ്പത്യം അതോടെ അവസാനിക്കും.
വിവാഹ മോചനം സംബന്ധിച്ച് മാർഗനിർദേശങ്ങൾ തങ്ങളുടെ വെബ്െസെറ്റിൽ നൽകുമെന്നും ബോർഡ് സെക്രട്ടറി മുഹമ്മദ് ഫസലുറഹീം ബോധിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും പ്രചാരണം നടത്തും. ശരീഅത്തിെൻറ സാധൂകരണമില്ലാത്ത രീതികളൊന്നും പാടില്ലെന്ന് വിവാഹസമയത്തുതെന്ന വധൂവരന്മാരെ ബോധ്യപ്പെടുത്തും. ഇൗ വിഷയത്തിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകാൻ നിക്കാഹ്നാമയിൽ വ്യവസ്ഥ ഉൾപ്പെടുത്തും.
മുത്തലാഖ് ഹരജിയിൽ വാദംകേട്ട അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.