ന്യൂഡൽഹി: പുതിയ മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കാനാവില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുമുമ്പ് പരാതിക്കാരിയുടെ വാദം കോടതി കേൾക്കണമെന്നും സുപ്രീംകോടതി. നിയമപ്രകാരം ഭർത്താവിെൻറ ബന്ധുക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുൻകൂർ ജാമ്യം നിഷേധിച്ച കേരള ഹൈകോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിക്കുന്നതുപോലെ മുത്തലാഖ് കേസിലെ പ്രതികളോട് ചെയ്യാനാവില്ല. പരാതിക്കാരിക്ക് നോട്ടീസ് അയച്ച് അവരുടെ ഭാഗവും കേട്ടശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോ എന്ന് കോടതിക്ക് തീരുമാനിക്കാം. മുത്തലാഖ് നിയമത്തിലെ 7 (സി) വകുപ്പ് പ്രകാരം ഭർത്താവിന് എതിരെ മാത്രമേ കേസ് എടുക്കാനാകൂ എന്നും ബന്ധുക്കൾെക്കതിരെ കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ കൂടി ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
സ്ത്രീധന പീഡനം ആരോപിച്ച് നോർത്ത് പറവൂർ പൊലീസിൽ യുവതി നൽകിയ പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഭർതൃമാതാവ് സുപ്രീംകോടതിയെ സമീപിച്ചത്. 2016 മേയ് മാസം മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹം ചെയ്തശേഷം 2017 മുതൽ ഭാര്യയുമായി അകന്നുകഴിയുകയാണെന്ന് കുറ്റാരോപിതൻ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. മുസ്ലിം വ്യക്തിനിയമപ്രകാരം മുത്തലാഖ് ചൊല്ലാതെ രണ്ടാമത് വിവാഹം കഴിക്കാനുള്ള അവകാശം വിനിയോഗിച്ചാണ് 2020 ആഗസ്റ്റിൽ രണ്ടാമത് വിവാഹം കഴിച്ചതെന്നതിനാൽ മുത്തലാഖ് നിയമ പ്രകാരമുള്ള കേസ് നിലനിൽക്കില്ല എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
വേണമെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. ഭർത്താവിനും ഭർതൃമാതാവിനും വേണ്ടി അഡ്വ.ഹാരിസ് ബീരാൻ, യുവതിക്കുവേണ്ടി സീനിയർ അഡ്വ. വി. ചിദംബരേഷ്, അഡ്വ. ഹർഷാദ് ഹമീദ്, സംസ്ഥാന സർക്കാറിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.