മഹാരാഷ്ട്രയിൽ എം.വി.എ സഖ്യ ചർച്ച; ക്ഷണം നിരസിച്ച് പ്രകാശ് അംബേദ്കർ

മുംബൈ: മഹാവികാസ് അഗാഡി (എം.വി.എ) സീറ്റ് വിഭജന ചർച്ചക്കുള്ള ക്ഷണം നിരസിച്ച് വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അധ്യക്ഷനും ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ.

കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി പാർട്ടികളുടെ മുഖ്യ നേതാക്കൾ ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്. കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ, എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്നിവരാണ് ക്ഷണക്കത്തിൽ ഒപ്പുവെച്ചത്.

എന്നാൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ ആരെങ്കിലും, ഇതോടൊപ്പം ഉദ്ധവ് താക്കറെയും ശരദ് പവാറും ക്ഷണിച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയുള്ളൂവെന്നാണ് പ്രകാശ് അംബേദ്കറുടെ മറുപടി.

നാന പടോലെയുടെ അധികാരം ചോദ്യം ചെയ്താണ് പ്രകാശ് മറുപടിക്കത്ത് നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറക്കേ വി.ബി.എയെ സഖ്യത്തിലെടുക്കുകയുള്ളൂവെന്ന് കഴിഞ്ഞ 23ന് പുണെയിൽ വാർത്തസമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോഴത്തെ ക്ഷണക്കത്തെന്ന് പ്രകാശ് ചൂണ്ടിക്കാട്ടി.

2019ലെ തെരഞ്ഞെടുപ്പിലും പല കാരണങ്ങൾ പറഞ്ഞ് പ്രകാശ് കോൺഗ്രസ് സഖ്യത്തിൽനിന്ന് വഴുതിമാറിയിരുന്നു. വി.ബി.എ തനിച്ച് മത്സരിച്ചതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തോളവും നിയമസഭ തെരഞ്ഞെടുപ്പിൽ 30ലേറെയും സീറ്റുകൾ കോൺഗ്രസ് സഖ്യത്തിന് നഷ്ടമായി. സുശീൽ കുമാർ ഷിൻഡെയെ പോലുള്ള പ്രമുഖർ തോൽക്കുകയും ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന എം.വി.എ യോഗത്തിലേക്ക് പ്രകാശ് അംബേദ്കറെ ക്ഷണിച്ചതായി സഞ്ജയ്‌ റാവുത്ത് പറഞ്ഞു.

Tags:    
News Summary - MVA alliance talks in Maharashtra; Prakash Ambedkar declined the invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.