ബംഗളൂരു: കന്നഡ നടൻ ദർശനും സംഘവും മർദിച്ച് കൊലപ്പെടുത്തിയ രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് രേണുകാസ്വാമിയുടെ ഭാര്യ സഹാന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനത്തിൽ സന്തോഷം പ്രകടിപ്പിച്ച രേണുകാസ്വാമിയുടെ പിതാവ് കാശിനാഥ് ശിവനഗൗഡർ, ‘മകൻ തിരിച്ചുവന്നതിൽ സന്തോഷം’ എന്നാണ് പ്രതികരിച്ചത്.
തന്‍റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. മൃതദേഹം നായകൾ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനായിരുന്നു കൊലപാതകം. കേസിൽ ദർശനും പവിത്രയും അടക്കം 17 പ്രതികളാണുള്ളത്. ദർശന്റെയും കൂട്ടുപ്രതി പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ ബംഗളൂരു സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.