ലഖ്നോ: വിവാഹപ്പിറ്റേന്ന് നവദമ്പതികളെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവദമ്പതികളായ 24കാരനും 22കാരിക്കും ഒരേസമയം എങ്ങനെ ഹൃദയാഘാതം വന്നുവെന്ന ചോദ്യമാണ് പൊലീസിനെ കുഴക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ഇരുവരുടേയും മൃതദേഹങ്ങൾ വിശദമായ പരിശോധനകൾക്കായി സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇരുവരും ഉറങ്ങിയ മുറിയിൽ കൃത്യമായ വെന്റിലേഷൻ ഇല്ലായിരുന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും ലോക്കൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ പ്രതികരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് പ്രതാപ് യാദവ്, പുഷ്പ യാദവ് എന്നിവരെ ഗോദിയ ഗ്രാമത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ചടങ്ങുകൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ടാണ് ഇരുവരും വരന്റെ വീട്ടിലെത്തിയത്.
തുടർന്ന് ഇരുവരും കിടപ്പുമുറിയിലേക്ക് പോകുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങൾ സമീപത്തെ മുറികളിലും കിടന്നുറങ്ങിയിരുന്നു. ഉച്ചയായിട്ടും പ്രതാപും പുഷ്പയും പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോൾ ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തി.അതേസമയം, കിടപ്പുമുറിയിലേക്ക് ആരും അതിക്രമിച്ച് കടന്നതിന് തെളിവുകളില്ല. ഇരുവരുടേയും ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.