ന്യൂഡൽഹി: ‘ക്വീർഫോബിക്’ എന്ന് വിമർശനമുയർന്നതിനെ തുടർന്ന് എം.ബി.ബി.എസ് പ്രോഗ്രാമിനുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതി പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്തതായി ഉന്നത മെഡിക്കൽ റെഗുലേറ്ററി അതോറിറ്റിയായ ദേശീയ മെഡിക്കൽ കമീഷൻ. പുതിയ മാർഗനിർദേശങ്ങൾ യഥാസമയം ലഭ്യമാക്കുമെന്നും കമീഷൻ അറിയിച്ചു.
‘ക്വീർഫോബിക്കി’നു പുറമെ ഭിന്നശേഷി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ തരംതാഴ്ത്തുന്നുവെന്നുമുള്ള ആരോപണം ഉയർന്നതിനെ തുടർന്നാണ് ഈ നടപടി. ‘സി.ബി.എം.ബി 2024’ പാഠ്യപദ്ധതി ഭിന്നശേഷിക്കാരുടെയും ട്രാൻസ്‌ജെൻഡറുകളുടെയും അവകാശങ്ങളും കോടതിയുടെ ഉത്തരവുകളും സംബന്ധിച്ച നിയമനിർമാണങ്ങളെ നഗ്നമായി ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഡോക്ടർമാർ ഏതാനും ദിവസം മുമ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പാഠ്യപദ്ധതി കാലഹരണപ്പെട്ടതും ക്വീർഫോബിക്കും ആണെന്ന് ഡൽഹിയിലെ യൂനിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസിലെ ഫിസിയോളജി പ്രഫഫസർ സതേന്ദ്ര സിങ്, അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ സഞ്ജയ് ശർമ്മ എന്നിവർ ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
സി.ബി.എം.ബി-2024ൽ ഫോറൻസിക് മെഡിസിൻ എന്ന വിഭാഗത്തിൽ ‘പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾ’, ‘ട്രാൻസ്‌വെസ്റ്റിസം’, ‘ലെസ്ബിയനിസം’, ‘സോഡമി’ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതായി പരാതിയിൽ ഉന്നയിച്ചു. 2016ലെ ഇന്ത്യയിലെ ഭിന്നശേഷി അവകാശ നിയമം പ്രകാരം യൂനിവേഴ്സിറ്റി അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർക്കുള്ള കോഴ്‌സുകളിൽ ഭിന്നശേഷി വിദ്യാഭ്യാസം നിർബന്ധിതമായും ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പാഠ്യപദ്ധതി അവഗണിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. വൈകല്യമുള്ളവരുടെയും ട്രാൻസ്‌ജെൻഡർ, ലിംഗ-വൈവിധ്യമുള്ള വ്യക്തികളുടെയും ലൈംഗിക ആഭിമുഖ്യത്തിൽ വ്യത്യാസമുള്ള വ്യക്തികളുടെയും താൽപ്പര്യങ്ങളെ ഇത് ബാധിക്കും. ഈ തെറ്റ് തിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഇടപെടലും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
മദ്രാസ്, കേരള ഹൈകോടതികൾ നിർദേശിച്ചതനുസരിച്ച് ‘എൽ.ജി.ബി.ടി.ക്യു’ സംബന്ധിച്ച അശാസ്ത്രീയവും അപകീർത്തികരവും വിവേചനപരവുമായ ഉള്ളടക്കം അംഗീകരിക്കരുതെന്ന് എൻ.എം.സി എല്ലാ മെഡിക്കൽ സർവകലാശാലകൾക്കും നിർദേശം നൽകിയിട്ടുള്ളതാണെന്നും പാഠ്യപദ്ധതി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ 2019ലെ വിധിക്ക് വിരുദ്ധമാണെന്നും പരാതിക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.