ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഏറ്റുമുട്ടുന്ന ഏക മണ്ഡലമായ കന്യാകുമാരിയിൽ തീരദേശ ക്രിസ്ത്യൻ മത്സ്യത്തൊഴിലാളി വോട്ടുകൾ നിർണായകം.
കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ വിജയ്വസന്ത്, അണ്ണാ ഡി.എം.കെയുടെ കത്തോലിക്ക മത്സ്യത്തൊഴിലാളി സമൂഹത്തിൽനിന്നുള്ള ബസിലിയ നസ്രേത്ത്, ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, നാം തമിഴർ കക്ഷിയുടെ മരിയ ജെന്നിഫർ എന്നിവരാണ് മുഖ്യ സ്ഥാനാർഥികൾ. പൊൻ രാധാകൃഷ്ണൻ 1999ൽ മാത്രമാണ് ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ ജയിച്ചത്.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും വ്യാപാര പ്രമുഖനുമായിരുന്ന എച്ച്. വസന്തകുമാറിന്റെ മകനാണ് വിജയ് വസന്ത്. മത്സ്യത്തൊഴിലാളി സമൂഹത്തിൽനിന്നുള്ള മരിയ ജെന്നിഫറുടെ കന്നിമത്സരമാണിത്. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദധാരിയായ അവർ എം.ബി.എ പൂർത്തിയാക്കി 15 വർഷത്തിലേറെയായി ദുബൈയിൽ ജോലി ചെയ്യുകയായിരുന്നു. പൊൻ രാധാകൃഷ്ണനും വിജയ്വസന്തും മണ്ഡലത്തിൽ സുപരിചിതരാണ്.
2021ലെ ഉപതെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണനും വിജയ്വസന്തും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഇതിൽ വിജയ്വസന്ത് 1.34 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2019ൽ അന്തരിച്ച കോൺഗ്രസിന്റെ എച്ച്. വസന്ത്കുമാർ 2.60 ലക്ഷം വോട്ടുകളുടെ വ്യത്യാസത്തിനാണ് ബി.ജെ.പിയിലെ പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ പലപ്പോഴും ജാതിമത സമവാക്യങ്ങളാണ് ജയപരാജയങ്ങൾക്ക് കാരണമാവുന്നതെന്ന് വ്യക്തമാവും. 2011ലെ സെൻസസ് പ്രകാരം കന്യാകുമാരിയിൽ 48.65 ശതമാനം ഹിന്ദുക്കളും 46.85 ശതമാനം ക്രിസ്ത്യാനികളും 4.2 ശതമാനം മുസ്ലിംകളുമുണ്ട്. കന്യാകുമാരി, നാഗർകോവിൽ, കോളച്ചൽ, പത്മനാഭപുരം, വിളവൻകോട്, കിള്ളിയൂർ എന്നിങ്ങനെ ആറ് നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കന്യാകുമാരി ലോക്സഭ മണ്ഡലം.
മണ്ഡലത്തിൽ ബി.ജെ.പി വിരുദ്ധ വികാരം പ്രകടമാണ്. മണിപ്പൂർ സംഭവം മേഖലയിലെ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആശങ്ക പടർത്തിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ക്രിസ്ത്യൻ മത്സ്യത്തൊഴിലാളി സമൂഹം കോൺഗ്രസിനോടാണ് ആഭിമുഖ്യം പുലർത്തുന്നത്.
ബസിലിയ നസ്രേത്ത്, മരിയ ജെന്നിഫർ ഒ.ബി.സിക്ക് കീഴിലുള്ള പറവർ ജാതികളിൽപ്പട്ട മുക്കുവ സമുദായാംഗങ്ങളാണ്. ഈയിടെയാണ് ബസിലിയ നസ്രേത്ത് ഡി.എം.കെയിൽനിന്ന് അണ്ണാ ഡി.എം.കെയിൽ ചേക്കേറിയത്.
തമിഴ്നാട്ടിൽ ഇത്തവണ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും വേർപിരിഞ്ഞാണ് മത്സരിക്കുന്നതെങ്കിലും കന്യാകുമാരിയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ഇവരെ വിശ്വാസത്തിലെടുത്തിട്ടില്ല. ദേശീയതലത്തിൽ നിർണായകഘട്ടത്തിൽ അണ്ണാ ഡി.എം.കെ ബി.ജെ.പിയെ പിന്തുണച്ചേക്കുമെന്ന സംശയമാണിതിന് കാരണം.
നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സമുദായമായ ‘നാടാർ’ (ഒ.ബി.സി) വിഭാഗത്തിൽ ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ടവർ തുല്യശക്തികളാണ്. ഹിന്ദു നാടാർ, ക്രിസ്ത്യൻ നാടാർ എന്നിങ്ങനെ. ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും തങ്ങളുടെ സ്ഥാനാർഥികൾ ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാകട്ടെ നാടാർ സമുദായക്കാരെയാവും നിർത്തുക.
കന്യാകുമാരിക്ക് പുറമെ തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, വിരുദുനഗർ എന്നിവയുൾപ്പെടെ വിവിധ തെക്കൻ ജില്ലകളിൽ ജനസംഖ്യാപരമായും സാമ്പത്തികമായും പ്രബലമായ ജാതി വിഭാഗമാണ് നാടാർ സമുദായം. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ ഹിന്ദു നാടാർ സമുദായത്തിൽനിന്നുള്ളവരാണ്. ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളുടെ ഏകീകരണവും മതേതര ഹിന്ദു നാടാർ വോട്ടുകളും കോൺഗ്രസിന് അനുകൂലമാവുമെന്നാണ് പ്രതീക്ഷ.
മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടെ ദേശീയ നേതാക്കൾ മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു. മുന്നണികൾ അവസാനഘട്ട പ്രചാരണ പ്രവർത്തനങ്ങളിലാണ്. പൊൻ രാധാകൃഷ്ണൻ ജയിച്ചാൽ കേന്ദ്രമന്ത്രിയാവുമെന്ന പ്രചാരണവും ശക്തമാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏകദേശം അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത് വൻ ഒച്ചപ്പാടിനിടയാക്കിയിരുന്നു. അടിസ്ഥാന വികസന ആവശ്യങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.