നാഗര്‍കോവില്‍: ഭീകരവാദം നേരിടാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകുന്ന പുതിയ ഇന്ത്യയാണ് ഇന്നുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഭീകരവാദ ആക്രമണങ്ങളില്‍ അന്നത്തെ സര്‍ക്കാറുകള്‍ എടുത്ത നടപടിയാകില്ല ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിക്കുക. പലിശ സഹിതം തിരിച്ചടിക്കും. കന്യാകുമാരിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ആക്രമണമുണ്ടായപ്പോൾ സര്‍ജിക്കൽ സ്ട്രൈക്കിന് വ്യോമസേന തയാറായെങ്കിലും യു.പി.എ സർക്കാർ തടഞ്ഞു. മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ സംയമനം പാലിച്ച ഇന്ത്യയല്ല ഉറിയിലെയും പുല്‍വാമയിലെയും സംഭവശേഷം നാം കണ്ടത്. ധീരജവാന്മാരുടെ ധീരപ്രവര്‍ത്തനത്തെ സല്യൂട്ട് ചെയ്യുന്നു. പൂര്‍ണ സ്വാതന്ത്രമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്.
നരേന്ദ്ര മോദിയോടുള്ള വിരോധം കാരണം ചില പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം പാകിസ്താനെ സഹായിക്കുന്നരീതിയിലായി. അവിടത്തെ റേഡിയോയും ചാനലുകളും പാര്‍ലമെൻറും പ്രതിപക്ഷത്തിെൻറ അഭിപ്രായങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. മോദി വരും, പോകും; പക്ഷേ രാജ്യമാണ് പ്രധാനം. നമ്മുടെ അഭിമാനമാണ് അഭിനന്ദൻ. അദ്ദേഹം തമിഴ്നാട്ടുകാരനാണെന്നതിൽ ഏറെ അഭിമാനിക്കാമെന്നും മോദി പറഞ്ഞു.
132 കോടി ജനങ്ങളാണ് തെൻറ കുടുംബം. എന്നാല്‍, ഒരു കുടുംബത്തെ മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മുൻ ധനകാര്യന്ത്രി പി. ചിദംബരത്തിെൻറ പേര് പരാമര്‍ശിക്കാതെ അദ്ദേഹത്തിെൻറ കുടുംബം അഴിമതിക്കേസിൽ കുരുങ്ങിക്കിടക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു. സാമൂഹികനീതിയുടെ കാര്യത്തില്‍ യാതൊരു അവകാശവാദവും കോണ്‍ഗ്രസിന് സാധ്യമാകില്ല. രണ്ട് പ്രാവശ്യം ഡോ. അംബേദ്ക്കറെ തോല്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.