ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം യുവാക്കളെയാണ് ഏറ്റവും അപകടകരമായി ബാധിക്കുന്നതെന്ന വാദങ്ങൾക്ക് പിൻബലമേകുന്ന തെളിവുകളില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്.
കോവിഡിന്‍റെ ആദ്യത്തെയും രണ്ടാമത്തെയും തരംഗ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കണക്കുകളാണ് ഇതിനായി ഐ.സി.എം.ആർ ഉയർത്തിക്കാണിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലെ മരണ അനുപാതം 2020ലും 2021ലും ഒരുപോലെയാണെന്നും ഐ.സി.എം.ആർ പറഞ്ഞു.
ആശുപത്രിയിൽ അഡ്മിറ്റായ കോവിഡ് രോഗികളിൽ 70 ശതമാനവും 40 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇന്ത്യയിലെ 40 ആശുപത്രികളിലെ 9485 രോഗികളുടെ ഡേറ്റയാണ് ഐ.സി.എം.ആർ കാണിക്കുന്നത്. ഇതിൽ 6642 രോഗികൾ 2020 സെപറ്റംബർ-നവംബർ കാലയളവിലും 1405 രോഗികൾ 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിലും ആശുപത്രിയിൽ പ്രവേശിച്ചവരാണ്.
'നിലവിലെ തരംഗത്തിൽ കോവിഡ് പോസിറ്റീവ് ആകുന്ന യുവാക്കൾക്ക് അധിക അപകടസാധ്യതകളൊന്നുമില്ല. ഇന്ത്യയിൽ കോവിഡ് ദോഷകരമായി ബാധിക്കുന്നത് പ്രായമായവരെയാണെന്ന കാര്യത്തിൽ മാറ്റമൊന്നുമില്ല'-ദേശീയ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവിയും നീതി ആേയാഗ് അംഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ രോഗികൾക്ക് ഓക്സിജൻ ആവശ്യമാണെന്നാണ് ഐ.സി.എം.ആറിന്‍റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.