നോട്ടുനിരോധനം പരാജയം: വോട്ടുവഴിയില്‍ കള്ളപ്പണമൊഴുക്ക്

ന്യൂഡല്‍ഹി:  കള്ളപ്പണത്തിനെതിരായ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച നോട്ട് നിരോധനം തെരഞ്ഞെടുപ്പിലെ  ‘മണി പവര്‍’ തടയുന്നതിലും പരാജയം.  പ്രചാരണത്തിനും വോട്ടര്‍മാരെ സ്വാധീനിക്കാനുമായുള്ള  കള്ളപ്പണത്തിന്‍െറ  ഒഴുക്കിനെ  നോട്ടുനിരോധനം ബാധിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് പിടികൂടിയ കള്ളപ്പണത്തിന്‍െറ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു.

2012ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പിടികൂടിയതിന്‍െറ പല മടങ്ങ് കള്ളപ്പണമാണ് ഇക്കുറി ഒഴുകിയതെന്ന് കണക്ക് പറയുന്നു. യഥാര്‍ഥത്തില്‍ ഒഴുകുന്ന പണത്തിന്‍െറ ചെറിയ വിഹിതം മാത്രമാണ് പിടിയിലാകുന്നതെന്നിരിക്കെ, നോട്ടുനിരോധനം നേതാക്കളുടെ കള്ളപ്പണ ഇടപാടിനെ കാര്യമായി ബാധിച്ചിട്ടില്ളെന്ന് ചുരുക്കം.     ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 109 കോടി രൂപയാണ്;  2012 നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചതിന്‍െറ മൂന്നിരട്ടി. യു.പിയില്‍  നാലു ഘട്ട വോട്ടിങ്  നടക്കാനുമുണ്ട്. പഞ്ചാബില്‍ പിടികൂടിയത് 58 കോടി രൂപയാണ്.  2012ല്‍ ഇത് 11.51 കോടി മാത്രമായിരുന്നു. അഞ്ചിരട്ടിയാണ് വര്‍ധന.

ഉത്തരാഖണ്ഡില്‍ പിടികൂടിയ കള്ളപ്പണത്തിന്‍െറ തോത് മൂന്നിരട്ടിയായി. 2012ല്‍ 1.3 കോടിയാണ് പിടികൂടിയതെങ്കില്‍ ഇക്കുറി 3.38 കോടിയായി ഉയര്‍ന്നു. 2012 ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ 60 ലക്ഷം രൂപയാണ് പിടിച്ചത്. ഇക്കുറി 2.24 കോടി പിടികൂടി. 

വോട്ടര്‍മാരെ സ്വാധീനിക്കാനായി വിതരണം  ചെയ്യാന്‍  മദ്യവും മറ്റും വിതരണം ചെയ്യുന്നതിലും പാര്‍ട്ടികള്‍  കുറവൊന്നും വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ്  നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക പരിശോധനയില്‍ പിടികൂടിയ മദ്യത്തിന്‍െറ അളവ് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്  നാലും അഞ്ചും ഇരട്ടിയാണ്. കള്ളപ്പണവും കള്ളനോട്ടും തടയുകയെന്നതാണ് നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തിന്‍െറ മുഖ്യ ലക്ഷ്യമായി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍, അസാധു നോട്ടുകള്‍ മുഴുവന്‍ ബാങ്കിലേക്ക് തിരിച്ചത്തെി. പുതിയ 2000, 500 നോട്ടുകളുടെ വ്യാജനും പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കള്ളപ്പണ ഒഴുക്കിനും കുറവില്ളെന്നത്  നോട്ടുനിരോധനം പൂര്‍ണ പരാജയമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Tags:    
News Summary - note ban is a failiure: fake note for vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.