ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിനെതിരെ നടക്കുന്ന മാധ്യമ വിചാരണയിൽ കേന്ദ്രസർക്കാറിൻെറ നിലപാട് ആരാഞ്ഞ് ഡൽഹി ഹൈകോടതി. റിയ ചക്രബർത്തിയുടെ അറസ്റ്റിനെ തുടർന്ന് തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വ്യാജ വാർത്തകൾ നൽകരുതെന്നും ആവശ്യപ്പെട്ട് രാകുൽ പ്രീത് നൽകിയ ഹരജിയിലാണ് കോടതിയുടെ നടപടി. നടിയുടെ ഹരജിയിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷൻ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്.
അറസ്റ്റിലായ റിയ ചക്രബർത്തി, രാകുൽ പ്രീത് സിങ്ങും സാറാ അലി ഖാനും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതെ തുടർന്ന് ലഹരിമരുന്ന് കേസുമായി രാകുൽ പ്രീതിനെ ബന്ധപ്പെടുത്തി നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് അഭിഭാഷൻ അമാൻ ഹിങ്മോറാനി വഴി താരം ഹൈകോടതിയിൽ ഹരജി നൽകിയത്. താരത്തിനെതിരായ വാർത്തകൾ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾക്ക് എതിരെയാണെന്ന് അമാൻ ഹൈകോടതിയെ അറിയിച്ചിരുന്നു.
രാഹുൽ പ്രീതിനെതിരായ മാധ്യമവിചാരണയിൽ വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷൻ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർ അവരുടെ നിലപാട് വ്യക്തമാക്കണം. ഒക്ടോബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് നോട്ടീസ് കൈപറ്റിയ സ്ഥാപനങ്ങൾ നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ടെലിവിഷൻ റെഗുലേഷൻസ് പ്രകാരം ചാനലുകൾ അവരുടെ റിപ്പോർട്ടുകൾ നിയന്ത്രിക്കണമെന്നും രാകുൽ പ്രീത് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.