ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിൽ തൊടും, ഓഫിസിനുള്ളിൽ വെച്ചും മോശം പെരുമാറ്റം; ബ്രിജ് ഭൂഷനെതിരായ പരാതിയിൽ ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.

'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാ'ണ് ബ്രിജ്ഭൂഷണെതിരെ രണ്ട് സീനിയർ വനിത താരങ്ങൾ നൽകിയ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21ന് നൽകിയ പരാതിയിൽ ബ്രിജ് ഭൂഷന്‍റെ ലൈംഗികാതിക്രമം നേരിടേണ്ടിവന്ന എട്ട് സംഭവങ്ങളാണ് വിവരിക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടുക, വ്യായാമത്തിനിടെ മോശമായി തൊടുക, ഓഫിസിനുള്ളിൽ വെച്ചുപോലും മോശം പെരുമാറ്റം തുടങ്ങി ബ്രിജ്ഭൂഷന്‍റെ ക്രൂരതകൾ പരാതിയിൽ വിവരിക്കുന്നു. ഗുസ്തി ഫെഡറേഷന്‍റെ മുഴുവൻ അധികാരവും പിന്തുണയും ബ്രിജ് ഭൂഷനുള്ളതിനാൽ ഇത്രയും കാലം ശബ്ദമുയർത്താൻ പോലും സാധിക്കാത്ത സാഹചര്യത്തിലായിരുന്നു വനിതാ താരങ്ങൾ. 

റസ്റ്ററന്‍റിൽ വെച്ചുണ്ടായ മോശം അനുഭവം ഒരു പരാതിയിൽ പറയുന്നു. 2016ലായിരുന്നു ഇത്. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട ബ്രിജ് ഭൂഷൻ മാറിടത്തിലും വയറിലും മോശമായി തൊട്ടു. ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായി താരം. ഉറക്കവും വിശപ്പും ഇല്ലാതായി. 2019ൽ ഒരു ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനിടെ വീണ്ടും ഇതേ രീതിയിൽ ശരീരത്തിൽ തൊട്ടെന്ന് ഇവർ പറയുന്നു.




 

ന്യൂഡൽഹി അശോക റോഡിലെ ഗുസ്തി ഫെഡറേഷൻ ഓഫിസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ച സംഭവവുമുണ്ടായി. രണ്ടാംതവണയും ഇങ്ങനെ സംഭവിച്ചു. 2018ൽ ടൂർണമെന്‍റിനിടെ മോശമായ രീതിയിൽ കെട്ടിപ്പിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ താൻ കുതറിമാറുകയായിരുന്നെന്ന് വനിതാ താരം പരാതിയിൽ പറയുന്നു.

രണ്ടാമത്തെ വനിതാ താരത്തിന്‍റെ പരാതിയിലും ഒന്നിലേറെ അതിക്രമങ്ങൾ വിവരിക്കുന്നു. 2018ൽ പരിശീലനത്തിനിടെ ബ്രിജ് ഭൂഷൻ അടുത്തെത്തി ശ്വാസം പരിശോധിക്കാനെന്ന വ്യാജേന മാറിലും വയറിലും മോശമായി തൊട്ടു. ഇത് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമരം തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ താരങ്ങൾ സമരപ്പന്തലിലുണ്ട്.

ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകുമെന്ന് മുൻ അമച്വർ ഗുസ്ത്രി താരവും ദ്രോണാചാര്യ അവാർഡ് ജേതാവും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഗുസ്തി താരങ്ങളും പത്മശ്രീ ഉൾപ്പെടെയുള്ള അവാർഡുകളും മെഡലുകളും സർക്കാരിന് തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഹരിയാനയിലെ നിരവധി ഖാപ്പ് പഞ്ചായത്തുകളും സമരം നടത്തുന്ന കായികതാരങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Tags:    
News Summary - On pretext of checking breath, Brij Bhushan touched breast, stomach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.