കര്‍ഷക സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുകയാണെന്ന്​ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബി.ജെ.പിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ലെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിച്ചുവെന്നും അദ്ദേഹം പ്രസ്​​താവനയിൽ പറഞ്ഞു.  

കര്‍ഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണവ, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഇന്‍റർനെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമത്തിനെതിരേയുള്ള ഈ സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നും ഉമ്മന്‍ ചാണ്ടി പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Oommen Chandy on lakhimpur issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.