ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് 135 പ്രവാസികൾ കൂടി സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ‘ഓപറേഷൻ കാവേരി’യുടെ ഭാഗമായി സുഡാനിൽ നിന്നെത്തുന്ന 12മത് സംഘമാണിത്. വെള്ളിയാഴ്ച രാത്രിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സ്വീകരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇതുവരെ 2100 പേരെ തിരിച്ചെത്തിച്ചെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകീട്ടോടെ സുഡാനിൽ നിന്നുള്ള പ്രവാസി സംഘത്തെയും വഹിച്ചു കൊണ്ടുള്ള ഒരു വിമാനം കൂടി ഡൽഹിയിലെത്തിയിരുന്നു. പത്തനംതിട്ട അടൂർ സ്വദേശി നൈജൽ രാജു, മുംബൈ മലയാളിയായ സെബാസ്റ്റ്യൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഖർത്തൂമിൽ 2015 മുതൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നൈജൽ. തൃശൂർ സ്വദേശിയായ സെബാസ്റ്റ്യൻ പോൾ 18 വർഷമായി ഖർത്തൂമിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു.
അതേസമയം, ‘ഓപറേഷൻ കാവേരി’ക്കു കീഴിൽ സുഡാനിൽ നിന്ന് 717 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തിച്ചിരുന്നു. വെള്ളിയാഴ്ചയും തലേരാത്രിയിലുമായി മൂന്നു വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് ഇത്രയും പേരെ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചവരെ 1817 ഇന്ത്യക്കാരെയാണ് ജിദ്ദയിലെത്തിച്ചത്.
ഏഴു വിമാനങ്ങളിലും മൂന്നു കപ്പലുകളിലുമായി 10 സംഘങ്ങളായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇതിൽ 1,360 പേർ ഇതിനകം ഇന്ത്യയിലെത്തി. 752 പേരെ ഡൽഹിയിലും 246 പേരെ മുംബൈയിലും 362 പേരെ ബംഗളൂരുവിലും വിമാനങ്ങളിൽ എത്തിച്ചു. സുഡാനിൽ നിന്ന് നാട്ടിലെത്താൻ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തത് ആകെ 3400 ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.