ന്യൂഡൽഹി/ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് തിരിച്ച പ്രവാസികളുമായി ഒരു വിമാനം കൂടി ഡൽഹിയിലെത്തി. പാലം വ്യോമസേന വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ സുഡാനിൽ നിന്നുള്ള പ്രവാസി സംഘത്തെ എത്തിച്ചത്. പത്തനംതിട്ട അടൂർ സ്വദേശി നൈജൽ രാജു, മുംബൈ മലയാളിയായ സെബാസ്റ്റ്യൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഖർത്തൂമിൽ 2015 മുതൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു നൈജൽ. ആഭ്യന്തര കലാപത്തെ തുടർന്ന് കടുത്ത കൊള്ളയും പിടിച്ചുപറിയുമാണ് നടക്കുന്നതെന്നും ഭക്ഷണവും വെള്ളവും തീർന്നിട്ടും താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 9 .25നുള്ള എയർ ഇന്ത്യ വിമാനത്തിൽ നൈജൽ തിരുവനന്തപുരത്തേക്ക് പോയി. തൃശൂർ സ്വദേശിയായ സെബാസ്റ്റ്യൻ പോൾ 18 വർഷമായി ഖർത്തൂമിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയാണ് ആദ്യ വിമാനം ഡൽഹിയിലെത്തിയത്. അതേസമയം ‘ഓപറേഷൻ കാവേരി’ക്കു കീഴിൽ സുഡാനിൽനിന്ന് 717 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തി. വെള്ളിയാഴ്ചയും തലേരാത്രിയിലുമായി മൂന്നു വിമാനങ്ങളിലും ഒരു കപ്പലിലുമായാണ് ഇത്രയും പേരെ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചവരെ 1817 ഇന്ത്യക്കാരെയാണ് ജിദ്ദയിലെത്തിച്ചത്. ഏഴു വിമാനങ്ങളിലും മൂന്നു കപ്പലുകളിലുമായി 10 സംഘങ്ങളായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇതിൽ 1,360 പേർ ഇതിനകം ഇന്ത്യയിലെത്തി. 752 പേരെ ഡൽഹിയിലും 246 പേരെ മുംബൈയിലും 362 പേരെ ബംഗളൂരുവിലും വിമാനങ്ങളിൽ എത്തിച്ചു. സുഡാനിൽനിന്ന് നാട്ടിലെത്താൻ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തത് ആകെ 3400 ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.