ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ‘ഓപറേഷൻ കാവേരി’യുടെ ഭാഗമായി 231 പ്രവാസികളെ കൂടി ഡൽഹിയിലെത്തിച്ചു. ഉച്ചക്ക് 11.45ഓടെയാണ് പ്രവാസികളെയും വഹിച്ചു കൊണ്ടുള്ള വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.
സംഘർഷ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടിയാണ് സുഡാനിൽ കഴിഞ്ഞതെന്ന് മടങ്ങിയെത്തിയവർ പ്രതികരിച്ചു. ആഹാര സാധനങ്ങൾക്ക് ക്ഷാമം നേരിട്ടിരുന്നു. വീടിന് പുറത്തേക്ക് ആരും ഇറങ്ങിയിരുന്നില്ല. സുഡാനിലൂടെ വാഹനയാത്ര ഒട്ടും സുരക്ഷിതമല്ല. ബസുകൾക്ക് നേരെ ബോംബ് ആക്രമണം നടക്കാറുണ്ടെന്നും യാത്രക്കാർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയോടെ സുഡാനിൽ നിന്ന് 135 പ്രവാസികളെ കൂടി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിച്ചിരുന്നു. ‘ഓപറേഷൻ കാവേരി’യുടെ ഭാഗമായി സുഡാനിൽ നിന്നെത്തുന്ന 12മത് സംഘമാണിത്.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇതുവരെ 2100 പേരെ തിരിച്ചെത്തിച്ചെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. സുഡാനിൽ നിന്ന് നാട്ടിലെത്താൻ ഇന്ത്യൻ മിഷനിൽ രജിസ്റ്റർ ചെയ്തത് ആകെ 3400 ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.