അഗർതല: ത്രിപുരയിലെ ഗോത്രവർഗപ്രദേശങ്ങളെ ഉൾപ്പെടുത്തി വിശാല ടിപ്ര ലാൻഡ് രൂപവത്കരിക്കണമെന്ന ആവശ്യം ഉപേക്ഷിക്കില്ലെന്ന് ബി.ജെ.പി മന്ത്രിസഭയിൽ ചേർന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന ടിപ്ര മോത. ലക്ഷ്യം നേടുന്നതുവരെ പോരാട്ടം തുടരുമെന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുതിർന്ന ടിപ്ര മോത നേതാവും മുൻ പ്രതിപക്ഷ നേതാവുമായ അനിമേഷ് ദെബ്ബർമ പറഞ്ഞു. പാർട്ടി എം.എൽ.എ ബ്രിഷകേട്ടു ദെബ്ബർമയും മന്ത്രിയായി ചുമതലയേറ്റു. രാജ്‍ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ നല്ലു ഇന്ദ്രസേന റെഡ്ഡി സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യാഴാഴ്ച രാവിലെ അനിമേഷ് ദെബ്ബർമ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചിരുന്നു.
ത്രിപുര ഗോത്രവർഗ സ്വയംഭരണ ജില്ല കൗൺസിലിനു കീഴിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക വിശാല ടിപ്ര ലാൻഡ് രൂപവത്കരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ടിപ്ര മോത പാർട്ടി തലവൻ പ്രത്യോദ് ദെബ്ബർമയും മാർച്ച് രണ്ടിന് കരാറിൽ ഒപ്പിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് പാർട്ടിയുടെ മന്ത്രിസഭ പ്രവേശനം. നിയമസഭയിൽ ബി.ജെ.പിക്ക് 32ഉം സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് ഒരു സീറ്റുമാണുള്ളത്. സി.പി.എം 10, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ടിപ്ര മോതകൂടി ചേർന്നതോടെ ഭരണകക്ഷിയുടെ അംഗബലം 46 ആയി. മുഖ്യമന്ത്രി മണിക് സാഹയടക്കം മന്ത്രിസഭാംഗങ്ങളുടെ എണ്ണം 11 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.