ന്യൂഡൽഹി: പാർലമെൻറിെൻറ ബജറ്റ് സമ്മേളനം അവസാനിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കേ, ഗുരുതര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കണമെന്ന് സർക്കാറിനോട് 13 പ്രതിപക്ഷപാർട്ടികൾ. വേണ്ടിവന്നാൽ സഭാ സമ്മേളനം നീട്ടി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തങ്ങൾ തയാറാണെന്ന് അവർ വ്യക്തമാക്കി.
അവിശ്വാസപ്രമേയ നോട്ടീസുകൾ ചർച്ച ചെയ്തിട്ടില്ല. പൊതുമേഖലബാങ്കുകളിലെ വായ്പതട്ടിപ്പ്, പരീക്ഷ ചോദ്യപേപ്പർ ചോർച്ച, കർഷകപ്രതിസന്ധി, പട്ടികവിഭാഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ബാക്കിയാണെന്ന് പ്രതിപക്ഷപാർട്ടികൾ ചൂണ്ടിക്കാട്ടി.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, ഡി.എം.കെ, എൻ.സി.പി, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി, ആം ആദ്മി പാർട്ടി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, ജെ.എം.എം എന്നീ പാർട്ടികളുടെ നേതാക്കളാണ് സമ്മേളിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേകപദവി നൽകി കൂടുതൽ ധനസഹായം അനുവദിക്കണമെന്ന ടി.ഡി.പിയുടെയും കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്ന എ.െഎ.എ.ഡി.എം.കെയുടെയും ആവശ്യത്തെ പിന്തുണക്കുന്നതായും പ്രതിപക്ഷയോഗം വ്യക്തമാക്കി. രാജ്യസഭയും ലോക്സഭയും എ.െഎ.എ.ഡി.എം.കെ ഉയർത്തിയ ബഹളത്തിൽ 20ാം ദിവസം രാവിലെയും സ്തംഭിച്ചതിനുപിന്നാലെയാണ് പ്രതിപക്ഷപാർട്ടികൾ യോഗം ചേർന്നത്.
പ്രധാന ബില്ലുകൾ പാസാക്കുന്നതിൽ സഹകരിക്കണമെന്ന് സർക്കാർ രാവിലെ നടന്ന രാജ്യസഭയുടെ കാര്യോപദേശകസമിതിയോഗത്തിൽ ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം. അഭ്യർഥന സർക്കാർ മുന്നോട്ടുവെച്ച പശ്ചാത്തലത്തിൽ ഉച്ചതിരിഞ്ഞ് രണ്ടിനു വീണ്ടും ചേരാനും അഴിമതിനിരോധനനിയമ ഭേദഗതി ബിൽ പരിഗണിക്കാനും രാജ്യസഭയിൽ അധ്യക്ഷൻ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, കാതലായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് നിയമനിർമാണത്തിലേക്ക് കടക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു.
പ്രതിപക്ഷം നിലപാട് ആവർത്തിക്കുകയും ബിൽ ചർച്ചക്കെടുക്കാൻ ഭരണപക്ഷം ശ്രമിക്കുകയും ചെയ്തതിനിടയിൽ ബഹളം മൂലം ഒമ്പതുവട്ടമാണ് സഭാനടപടികൾ നിർത്തിവെച്ചത്.
പ്രതിസന്ധിക്ക് അയവില്ലാതെ, അഴിമതിനിരോധന നിയമഭേദഗതി ബിൽ പരിഗണിക്കാൻ കഴിയാതെതന്നെ പിന്നീട് സഭ ദിവസത്തേക്ക് പിരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.